ജന്മിത്വത്തിന്റെ ക്രൂരതകള്‍ക്കും അടിമത്വ വ്യവസ്ഥയ്ക്കുമെതിരായാണ് മുനയംകുന്നിലും മറ്റ് പലയിടങ്ങളിലുമെന്ന പോലെ കമ്മ്യൂണിസ്റ്റുകാര്‍ കയ്യൂരിലും പൊരുതിയത്. കയ്യൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ കുടിയാന്മാരെയും കര്‍ഷകരെയും സംഘടിപ്പിച്ചത് ജന്മിമാരെയും അധികാരികളെയും പ്രകോപിതരാക്കി. കര്‍ഷകരുടെയും കുടികിടപ്പുകാരുടെയും വീടുകളില്‍ നിരന്തരം പരിശോധന നടത്താനും വീടുകള്‍ കൊള്ളയടിക്കുവാനും കര്‍ഷക പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരെ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുവാനും പൊലീസ് മുന്നോട്ടുവന്നു. സ്ത്രീകളടക്കമുള്ളവര്‍ നിരന്തരം അപമാനിക്കപ്പെട്ടു. പൊലീസ് മര്‍ദനമുറകള്‍ക്കും ഭരണകൂട ക്രൂരതകള്‍ക്കുമെതിരായ പ്രതിഷേധവും പ്രതിരോധവും അവിടെ ശക്തിപ്പെട്ടു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗങ്ങളും കര്‍ഷക സംഘം പ്രവര്‍ത്തകരും ജാഥ നടത്തുന്നതിനിടെ സ്ത്രീകളെ അടക്കം ആക്രമിച്ചിരുന്ന സുബ്ബരായന്‍ എന്ന ഒരു പൊലീസുകാരന്‍ പുഴയിൽ വീണ് മരിച്ചതിനെ തുടര്‍ന്നാണ് കയ്യൂര്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
ബ്രിട്ടീഷ് കോളനി വാഴ്ചക്കും ജന്മിത്വത്തിനുമതിരെയുള്ള ഐതിഹാസികമായ കയ്യൂർ സമരത്തെ തുടർന്ന് നാല് ധീര സഖാക്കളായിരുന്നു രക്തസാക്ഷികളായത്. കയ്യൂർ കേസിൽ ശിക്ഷിക്കപ്പെട്ട് മഠത്തില്‍ അപ്പുവും, കോയിത്താറ്റില്‍ ചിരുകണ്ടനും, പള്ളിക്കാല്‍ അബൂബക്കറും, പൊടോര കുഞ്ഞമ്പു നായരും - കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ ആ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു. അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെ പറയുന്നു.
“1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു.അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്”
ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്. ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതിനിന്നതിന്റെ ചരിത്രമാണത്.ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല.ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്‍ക്കുന്നു….
അവസാന ദിവസങ്ങളും കാത്തു ജയിലില്‍ കഴിയുമ്പോളും അതീവ ധീരന്മാരായ ഈ സഖാക്കള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന ഈ നാലുപേരേയും അവസാനമായി കാണാന്‍ അന്ന് കമ്മ്യൂണീസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി ജോഷി എത്തി. ആന്ധ്രയില്‍ നിന്നുള്ള പ്രമുഖ നേതാവ് പി.സുന്ദരയ്യയോടും സ:പി.കൃഷ്ണപിള്ളയോടുമൊപ്പം അദ്ദേഹം കണ്ണൂര്‍ ജയിലില്‍ ചെന്ന് അവരെ കണ്ടു.യൌവനത്തിലേക്ക് കാലെടുത്തു കുത്തിയിട്ടു മാത്രമുണ്ടായിരുന്ന ഈ നാലു ചെറുപ്പക്കാരേയും കണ്ട് ഒരു നിമിഷം അവര്‍ മൂവരും ഗദ്‌ഗദ കണ്ഠരായപ്പോള്‍ സമചിത്തത വിടാതെ ആ ചെറുപ്പക്കാര്‍ അവരെ മൂന്നു പേരേയും ആശ്വസിപ്പിച്ചു. പി.സുന്ദരയ്യ തന്റെ ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നു - ധീരരായ ആ സഖാക്കള്‍ യാതൊരു പതര്‍ച്ചയും കൂടാതെ ഞങ്ങളോട് പറഞ്ഞു:
“സഖാക്കളേ ഞങ്ങളെ ചൊല്ലി നിങ്ങള്‍ വ്യസനിക്കരുത്. ഞങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. എന്തു ചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളൂ. ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ നമ്മുടെ സഖാക്കളോട് പറയുക.നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്”…
“ഞാന്‍ ഒരിക്കലും കരയാത്ത ആളാണു. ഈ സഖാക്കളോടു യാത്ര ചോദിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയി” എന്നാണു സ:പി.കൃഷ്ണപിള്ള പിന്നീട് പറഞ്ഞത്…
ആ ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമകൾ നെഞ്ചോടേറ്റുന്നു.
0 comments :
Post a Comment