പട്ടേലരും തൊമ്മിയും- പലവുരു ഓര്‍മ്മയിലേക്കെത്തി മറഞ്ഞ സക്കറിയ എന്ന കഥാകാരന്‍ വാഗ്മയരൂപത്തിലും അടൂര്‍ സെല്ലുലോയിഡിലും പകര്‍ന്ന രൂപകങ്ങള്‍- ഇന്ത്യന്‍ രാഷ്ട്രീയം പലപ്പോഴും ഇവരെ മറക്കാന്‍ നമ്മെ അനുവദിക്കുന്നില്ല. വകഭേദം ഇതുമാത്രം. പട്ടേലര്‍ക്കൊരുതൊമ്മി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തൊമ്മിക്ക് ഒരുപാട് തൊമ്മിമാര്‍ പലതിനാലും വിലയ്ക്കെടുക്കപ്പെട്ട് കൈയുയര്‍ത്തുന്ന തൊമ്മികള്‍ എന്നതില്‍ പ്രായശ്ചിത്തമേതുമില്ലാത്തവര്‍. ആണവക്കരാര്‍ വോട്ടെടുപ്പു വേളയില്‍ നാം അവരെ കണ്ടു. ജനപ്രതിനിധി എന്ന സംജ്ഞയുടെ സാരാംശം ബോധ്യപ്പെടാത്തവരെ. അമേരിക്കന്‍ ജനപ്രതിനിധികള്‍ പലവട്ടം തലനാരിഴകീറി പരിശോധിച്ചൊരു കരാറിന്‍റെ പുറംചട്ടപോലും കാണാതെ ആമേന്‍ പറഞ്ഞവരെ; അവരെ നാം ഇപ്പോഴും കാണുന്നു. ഉദാത്തവും ഉത്കൃഷ്ടവുമായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ നടവഴികളില്‍. ഇത്തവണ ആസിയന്‍ കരാര്‍. ഉള്ളടക്കമെന്തെന്ന് അറിയില്ല ഒപ്പിട്ടതില്‍ എന്തെന്നോ എന്തിനെന്നോ അറിയാത്ത തൊമ്മിമാര്‍ നാടാകെ പാടിനടക്കുന്നു ആസിയന്‍ മാഹാത്മ്യം. 'പാരില്‍ പുലരും ജനാധിപത്യമെത്ര മനോഹരം' എന്ന് ആര്‍ക്കെങ്കിലും മൂളിപോകാന്‍ തോന്നിയാല്‍ നമ്മള്‍ ശങ്കപ്പെടരുത്. പാര്‍ലമെന്‍റ് പോകട്ടെ സ്വന്തം പാര്‍ട്ടിയിലെങ്കിലും ചര്‍ച്ചചെയ്യണമെന്ന് പറയാന്‍ നാവ് പൊങ്ങാത്ത ജനപ്രതിനിധികളെ ഓര്‍ത്ത് തലകുനിക്കുക.
നരസിംഹറാവു എന്നൊരു ജ്ഞാനവൃദ്ധന്‍ അധികാരം ഒഴിഞ്ഞ് സ്വന്തം മനസ്സിന്‍റെ ഉള്ളറകളിലേക്കുമാത്രമായി നടന്നുമറഞ്ഞത് കര്‍ഷകരുടെ പട്ടടകളുടെ നടുവിലൂടെയാണ്. (ഗാട്ട്) വ്യാപാരകരാറിന്‍റെ മാസ്മരികതയില്‍ അഭിരമിച്ചൊരുപ്രസ്ഥാനത്തെയും പ്രധാനമന്ത്രിയേയും കത്തുന്ന കര്‍ഷകന്‍റെ ചിതയേയും ചൂണ്ടിക്കാട്ടിയാണ് സ്വദേശി ജാഗരണ്‍മഞ്ച് ബി ജെ പിയുടെ അധികാരരാഷ്ട്രീയത്തിലേക്കുള്ള പാതയൊരുക്കിയത്. ചരിത്രത്തില്‍ നിന്നും പാഠംപഠിക്കാന്‍ മറന്നുപോയൊരു ജനതയുടെ ഓര്‍മ്മതെറ്റില്‍ നിന്നുമാണ് ഇന്തോ- ആസിയന്‍ കരാര്‍ പിറക്കുന്നത്. ഈ ഘട്ടത്തില്‍ ചിലചോദ്യങ്ങള്‍ ചോദിക്കപ്പെടേണ്ടതായിട്ടുണ്ട്.
- 1967 ല്‍ ഉടലെടുത്ത ആസിയന്‍ രാഷ്ട്രങ്ങളുമായി ചര്‍ച്ചകള്‍ക്കും കരാറിനുള്ള സന്നദ്ധത പ്രകടിപ്പിക്കലിനും 2002 വരെ എന്തുകൊണ്ട് കാത്തിരിക്കേണ്ടിവന്നു?
വാജ്പേയിയില്‍ തുടങ്ങിയ ചര്‍ച്ചകള്‍ കരാര്‍ ഒപ്പിടലിലെത്താന്‍ യു പി എ ഭരണത്തില്‍ കഴിയാത്തതെന്ത്?
ഇന്ത്യയുടെകൂടി ശാഠ്യം കൊണ്ട് മരവിപ്പിക്കപ്പെട്ടിരുന്ന ദോഹാവട്ടചര്‍ച്ചകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ ഇന്ത്യ പൊടുന്നനവേ തയ്യാറായതിന്‍റെ സാംഗത്യമെന്ത്?
കാര്‍ഷിക സബ്സിഡിയുടെ കാര്യത്തില്‍ യൂറോപ്യന്‍ സാമ്പത്തിക സമൂഹവും അമേരിക്കയും സ്വീകരിച്ച ദുശാഠ്യം അവര്‍ ഉപേക്ഷിച്ചോ?
എന്തുകൊണ്ട് ആസിയന്‍ കരാറില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങള്‍ ഒഴിവാക്കപ്പെടുന്നു?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ മാത്രമേ ആസിയന്‍ കരാറിന്‍റെ പൊരുളിലേക്ക് കടക്കാനാവൂ.
മലേഷ്യന്‍ വിദേശവ്യാപാരവ്യവസായമന്ത്രി മുസ്തഫമുഹമ്മദ് ആസിയാന്‍ കരാറിനെ പ്രതി ആവേശഭരിതനാണ്. 110 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയിലേക്ക് 80% മലേഷ്യന്‍ ഉല്‍പന്നങ്ങളും നികുതിശല്യമില്ലാതെ 2016 ആകുമ്പോഴേക്കും എത്തപ്പെടുമെന്നതിലാണത്. ആസിയന്‍ രാഷ്ട്രങ്ങളുമായി കരാര്‍ ഒപ്പിട്ടതിന്‍റെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തകരെ അഭിമുഖീകരിക്കുമ്പോഴാണ് മലേഷ്യന്‍ മന്ത്രി കരാര്‍ എങ്ങനെയാണ് തന്‍റെ രാജ്യത്തിന് ഗുണകരമാകുന്നതെന്ന് വിശദീകരിച്ചത്. ആസിയന്‍ രാഷ്ട്രങ്ങള്‍ ഇത്രയും കാത്തിരുന്ന മറ്റൊരു സ്വതന്ത്രവ്യാപാരകരാര്‍ വേറെയുണ്ടായിട്ടില്ല. ആറ് വര്‍ഷത്തെക്കാത്തിരിപ്പിനൊടുവില്‍ വലിയൊരു ലക്ഷ്യം സാധിച്ചതിന്‍റെ ലഹരി അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ടായിരുന്നു. മലേഷ്യയുടെ 12-ാമത് വ്യാപാരപങ്കാളിയായ ഇന്ത്യ 7767 ഉത്പന്നങ്ങളുടെ നികുതി 2013 ഡിസംബര്‍ 31 നകം പൂര്‍ണ്ണമായും ഉപേക്ഷിക്കും. 2016 ഡിസംബര്‍ 31 ന് 1260 ഉത്പന്നങ്ങളുടെയും. ചുരുക്കത്തില്‍ ഇന്ത്യയിലേക്ക് 81% ഉത്പന്നങ്ങള്‍ 2013 ലും 9% 2016 ലും മാത്രമേ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാവുയെന്നും, 20% ഉല്‍പന്നങ്ങള്‍ 5% മാത്രം നികുതി നല്‍കി ഇറക്കുമതി ചെയ്യുമെന്നുമാണ് വിവരിക്കപ്പെട്ടത്.
2009 ഫെബ്രുവരിയില്‍ തായ്ലന്‍റ് വിദേശകാര്യവകുപ്പിന്‍റെ വക്താവ് തരിത് ചാരുങ്കത് പറഞ്ഞത് ഇന്ത്യന്‍ വാണിജ്യമന്ത്രിയും ആസിയന്‍ രാഷ്ട്രങ്ങളും തമ്മില്‍ സ്വതന്ത്രവ്യാപാരകരാര്‍ ഒപ്പിടാന്‍ ഇടയുണ്ട്. അതോടുകൂടി 3666 ഉല്‍പ്പന്നങ്ങള്‍ 0 നികുതിയില്‍ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യാനാവും. ഇപ്പോള്‍ ഇന്ത്യയുമായി തായ്ലണ്ടിനുള്ളത് 82 ഉത്പന്നങ്ങളുടെ ഭാഗികമായ ഉടമ്പടി മാത്രമാണ്. പക്ഷെ കരാര്‍ ഒപ്പിടുന്നത് തായ്ലന്‍റ് പാര്‍ലമെന്‍റിന്‍റെ അനുവാദത്തെ ആശ്രയിച്ചിരിക്കും. തായ്ലന്‍റിന്‍റെ ഭരണഘടനയനുസരിച്ച് ആ രാജ്യത്തെ സ്പര്‍ശിക്കുന്ന ഏതൊരുകരാറും പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്തിരിക്കണം എന്നതുനിര്‍ബന്ധമാണ്. തായ്ലന്‍റ് പാര്‍ലമെന്‍റിന്‍റെ അനുവാദത്തോടുകൂടിയാണ് തങ്ങള്‍ കൂടി അംഗമായ 10 അംഗ രാഷ്ട്രസഖ്യമായ ആസിയനുമായി ഇന്ത്യന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ ഒപ്പിട്ടതെന്ന് വ്യക്തം. ആസിയന്‍ സഖ്യരാഷ്ട്രങ്ങള്‍ക്കും, അവിടുത്തെ ജനങ്ങള്‍ക്കും അവ്യക്തതയോ ആശങ്കകളോ ഇല്ല. വസ്തുതകളും കണക്കുകളും നിരത്തി അവര്‍ കരാറിനെ പിന്തുണയ്ക്കുന്നു. അവരുടെ രാഷ്ട്രത്തിന്‍റെ വിശിഷ്യ കാര്‍ഷികമേഖലയുടെ ഉത്തമതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി, ഗാട്ട് കരാറിന്‍റെ പരിണതിയില്‍ ഏഷ്യന്‍ പുലികളായിരുന്ന തങ്ങള്‍ വെറും കടലാസ് പുലിയായി അധ:പതിച്ചുവെന്നും വ്യാപാര കരാര്‍ വഴി തുറന്നിട്ട വാതിലുകളാണ് ഈ അവസ്ഥയില്‍ എത്തിച്ചതെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദ് ഐക്യരാഷ്ട്രസംഘടനയുടെ വേദിയില്‍ വിലപിച്ചത്. ഇനിയൊരു പുനരുജ്ജീവനം കാര്‍ഷികമേഖലയിലൂടെ മാത്രമേ സാധ്യമാകൂയെന്നു തിരിച്ചറിയുകയും കാര്‍ഷിക പാക്കേജുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു, മലേഷ്യ. പാമോയില്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ക്ക് സബ്സിഡി നല്‍കുകയും ആയിരക്കണക്കിനേക്കര്‍ ഭൂമിയില്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത് സര്‍ക്കാരുടമസ്ഥതയില്‍ നടപ്പിലാക്കുകയും ചെയ്ത മലേഷ്യ ഇനി കയറ്റുമതിയിലൂടെ തകര്‍ന്ന സമ്പദ്ഘടനയെ സംരക്ഷിക്കാമെന്നുകരുതുന്നു.
രണ്ട് സമീപനങ്ങളുടെ സൂചകങ്ങളാണിത്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയിലാണ് രാജ്യത്തിന്‍റെ ഭാവിയെന്ന് തിരിച്ചറിയുകയും അതേസമയം ജനാധിപത്യഘടന മുറുകെ പിടിക്കുകയും ചെയ്യുന്ന സമീപനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ആണവക്കരാറിന്‍റെ പിന്നാലെയെത്തിയ ആസിയന്‍ കരാറും വ്യവസ്ഥകളും ഇന്ത്യന്‍ പാര്‍ലമെന്‍റംഗങ്ങള്‍ക്കുപോലും അജ്ഞാതമാണ്. കേന്ദ്രകാബിനറ്റില്‍ വിരുദ്ധാഭിപ്രായം രേഖപ്പെടുത്തിയെന്ന് വാര്‍ത്തകളിലൂടെ നാമറിഞ്ഞ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കരാറിനനുകൂലമായ അവകാശവാദങ്ങളുമായി രംഗത്തെത്തി. വയലാര്‍ രവി ഒരു ഹിമാലയന്‍ അബദ്ധംകൂടി പറഞ്ഞുവച്ചു. ഏറ്റവുമധികം കാപ്പി ഉത്പാദിപ്പിക്കുന്ന വിയറ്റ്നാം ആസിയാനില്‍ അംഗമല്ലെന്ന്. ജനാധിപത്യം കേവലം നാട്യമാണെന്നും സാമ്രാജ്യത്വവിധേയത്വമാണ് തങ്ങളെ നയിക്കുന്നതെന്നും വിളംബരം ചെയ്യുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ ഗവണ്‍മെന്‍റ്. വിദേശനിക്ഷേപത്തിനും പങ്കാളിത്തസംരംഭങ്ങള്‍ക്കും സഹായകരമാകുമെന്നതാണ് കരാറിന്‍റെ ആകര്‍ഷകഘടകമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു, ഒപ്പം വിലക്കയറ്റം ഒഴിവാക്കാനാവുമെന്നും. സിംഗപ്പൂര്‍ ഒഴികെയുള്ള ആസിയന്‍ രാഷ്ട്രങ്ങളാകട്ടെ തങ്ങളുടെ കാര്‍ഷികസമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്നതിലാണ് കരാറിനെ സ്വീകരിക്കുന്നത്.
ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന് ഇങ്ങനെയൊരു ഭാഷാന്തരംകൂടി കല്പിക്കാം. ജനപ്രതിനിധികള്‍പോലും അപ്രസക്തമായൊരു ഭരണസംവിധാനം എന്നതാണ് അത്. ആണവക്കരാര്‍ ഒപ്പിടുന്നത് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യാതെയാണ്. അന്ന് ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിരോധം തകര്‍ന്നതെങ്ങനെയെന്ന് ഏവര്‍ക്കും അറിയാം. ഇന്ന് ഇടതുശല്യമില്ലാത്ത ഭരണത്തില്‍ അഭിരമിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ആസിയന്‍ കരാറില്‍ ഒപ്പിടുമ്പോഴും ആര്‍ക്കുമറിയില്ല കരാറിന്‍റെ ഉള്ളടക്കമെന്തെന്ന്. അറിയാനുള്ള അവകാശത്തിനുവേണ്ടി ജനപ്രതിനിധികള്‍ ശബ്ദമുയര്‍ത്തുന്നതിന് നാം കാതോര്‍ക്കുക.
ആസിയന്‍ ചരിത്രം
'ആസ'യില്‍ നിന്നുമായിരുന്നു തുടക്കം. ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്ലന്‍റ് എന്നീ രാജ്യങ്ങളടങ്ങുന്ന ത്രിരാഷ്ട്രസഖ്യമായിരുന്നു 1961 ല്‍ തുടക്കം കുറിച്ചത്. 1967 ആഗസ്റ്റ് 8 ന് ബാങ്കോക്കിലെ തായ്ലന്‍റ് വിദേശകാര്യവകുപ്പുകെട്ടിടത്തില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള നാല് വിദേശകാര്യമന്ത്രിമാര്‍ ഉള്‍പ്പെട്ട ഉന്നതതലസംഘം യോഗം ചേര്‍ന്നുനടത്തിയ ബാങ്ക്കോക്ക് പ്രഖ്യാപനമാണ് (ആസിയന്‍ പ്രഖ്യാപനമെന്നും പറയുന്നുണ്ട്) ആസിയന്‍ രാഷ്ട്രസംഖ്യത്തിന്‍റെ ശിരോലിഖിതം. ബാഹ്യഭീഷണികളില്‍ നിന്നുള്ള സുരക്ഷിതത്വം, മേഖലയിലെ സാമ്പത്തിക ഭദ്രത തുടങ്ങിയ കാഴ്ചപ്പാടുകളിലൂന്നിയാണ് ബാങ്കോക്ക് പ്രഖ്യാപനം. 1976 ലെ ബാലിസമ്മേളനം സാമ്പത്തികസഹകരണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചുവെങ്കിലും 80 കളുടെ മധ്യത്തിലാണ് ആ നിലയ്ക്കുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത്. ഗാട്ട് കരാറിന്‍റെ പശ്ചാത്തലത്തില്‍ 1991 ല്‍ തായ്ലന്‍റ് സ്വതന്ത്ര്യവ്യാപാരകരാര്‍ എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. ഇതിനിടയില്‍ ബ്രൂണൈ ആറാമത്തെ അംഗരാഷ്ട്രമായി സഖ്യത്തില്‍ ചേര്‍ന്നു. ആസിയന്‍ രാഷ്ട്രങ്ങളുടെ വ്യാപാരബന്ധങ്ങളിലെ പ്രകടമായ ഒരു ദിശാമാറ്റത്തിന്‍റെ തുടക്കം ഇവിടെ കാണാനാകും. 94 ല്‍ വിയറ്റ്നാമും 97 ല്‍ മ്യാന്‍മറും ലാവോസും കമ്പോഡിയയും ചേര്‍ന്നു. ചൈനയും ജപ്പാനും ദക്ഷിണകൊറിയയും ഉള്‍പ്പെടുന്ന കിഴക്കനേഷ്യന്‍ സാമ്പത്തിക സഖ്യം എന്ന മലേഷ്യയുടെ നിര്‍ദ്ദേശത്തെ അമേരിക്കയുടേയും ജപ്പാന്‍റേയും ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പിനെതുടര്‍ന്ന് നിരാകരിച്ചു. 1997 ലെ ഏഷ്യന്‍ സാമ്പത്തികതകര്‍ച്ചയെ തുടര്‍ന്ന് ആസിയന്‍ രാഷ്ട്രങ്ങളും ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ (ആസിയന്‍ +3) എന്നീ രാഷ്ട്രങ്ങളുമായി സാമ്പത്തിക സഹകരണം സ്ഥാപിച്ചു. 2006 ല്‍ ആസിയന്‍ സഖ്യത്തിന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സിലില്‍ നിരീക്ഷകാംഗത്വം ലഭ്യമായി. 2007 ആസിയന്‍ രാഷ്ട്രസഖ്യം സമുചിതമായി ആഘോഷിച്ച ഒരുവര്‍ഷമാണ്, സഖ്യരൂപീകരണത്തിന്‍റെ 40-ാം വാര്‍ഷികവും അമേരിക്കന്‍ സഹകരണത്തിന്‍റെ 30-ാം വാര്‍ഷികവും. 2007 ആഗസ്റ്റ് 26 ന് ആസിയന്‍ സാമ്പത്തികസമൂഹം യഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് ആസിയന്‍ പ്രഖ്യാപിച്ചു. 2015 ഓടുകൂടി ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനപദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിലേക്കുള്ള സാമ്രാജ്യത്വമൂലധനശക്തികളുടെ ഒരു ഇടനാഴിയാണിന്ന് ആസിയന്‍ രാഷ്ട്രസമൂഹം. ഒരു ജനതയുടെ കണ്ണുവെട്ടിച്ച് ഭരണാധികാരികളുടെ നിഴലിലൂടെ കടന്നെത്തുന്നൊരു തസ്കരരൂപമാണീകരാര്‍.
ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് ആസിയന്‍ രാഷ്ട്രസമൂഹം. യൂറോപ്യന്‍ സാമ്പത്തികസമൂഹം, അമേരിക്ക, ചൈന എന്നിവയാണ് ആദ്യത്തെ മൂന്ന് രാഷ്ട്രങ്ങള്‍. ഗാട്ട് കരാറിന്‍റെ പശ്ചാത്തലത്തില്‍ 1992 ല്‍ ആരംഭിച്ച പ്രാഥമികചര്‍ച്ചകളുടെ പരിണാമത്തിന്‍റെ സൃഷ്ടിയാണ് ആഗസ്റ്റ് 13 ന്‍റെ കരാര്‍. 1995 ല്‍ നടന്ന മന്ത്രിതലചര്‍ച്ച ഏഷ്യന്‍ റിജണല്‍ ഫോറത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കി. പ്രസ്തുതയോഗത്തില്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പങ്കെടുത്തിരുന്നു. ആസിയന്‍ കരാറിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സിംഗപ്പൂരാണ്. കാര്‍ഷികമേഖലയ്ക്ക് യാതൊരു പരിഗണനയും നല്കാത്ത ഉപഭോക്തൃരാഷ്ട്രമാണ് സിംഗപ്പൂര്‍. 2002 നവംബര്‍ 5ന് കമ്പോഡിയയില്‍ നടന്ന ആസിയന്‍ സമ്മേളനത്തില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ഗോ ചോക് ടോംഗ് ആവേശത്തോടെ ആസിയന്‍ രാഷ്ട്രസഖ്യത്തെ ഒരു ജമ്പോ ജറ്റ് വിമാനത്തോട് ഉപമിച്ചു. 'ആസിയന്‍+3 (ജപ്പാന്‍ സൗത്ത് കൊറിയ, ചൈന) ഒരു ചിറകാണ്. മറ്റേചിറകും ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. അത് ഇന്ത്യയാണ്. ഇനി മുന്നോട്ട് കുതിക്കാം.'
1960 കളില്‍ കോളനിഭരണത്തില്‍ നിന്ന് മോചിതമായ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ മുന്‍കൈ സാദ്ധ്യമായൊരു സഖ്യമാണ് ആസിയാന്‍. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുശേഷം ലോകസാമ്പത്തികരംഗത്തുണ്ടായ മാറ്റങ്ങള്‍ വ്യാപാരകരാറുകള്‍ വഴിയുണ്ടായ സാമ്പത്തികബന്ധങ്ങള്‍ അതിന്‍റെ പ്രതിഫലനങ്ങള്‍ ആസിയാനെയും സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. സിംഗപ്പൂര്‍ ഒഴികെയുള്ള ബാക്കി ആസിയാന്‍ രാഷ്ട്രങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് പ്രത്യേകപരിഗണനനല്കുന്ന രാഷ്ട്രങ്ങളാണ്. ഇടക്കാലത്ത് തങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ വരുത്തിയ ഭേദഗതി അവരുടെ സാമ്പത്തികഘടനയെ ദോഷകരമായി ബാധിച്ചു.
സാമ്രാജ്യത്വവും ആഭ്യന്തരകുത്തകകളും തമ്മില്‍ മൂലധനത്തിന്‍റെ പ്രയോഗത്തില്‍ സ്വഭാവികമായുണ്ടാകുന്ന വൈരുദ്ധ്യങ്ങളും ലഘൂകരിക്കാനോ പരിഹരിക്കാനോ സാമ്രാജ്യത്വം ശ്രമിക്കുന്നുണ്ട്. അതിന് ഭരണകൂടങ്ങളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിയുന്നുണ്ടെന്നതിന്‍റെ നിരവധി അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട്. പ്രാദേശികസഖ്യങ്ങളെ നിയന്ത്രിക്കാനും സ്വാധീനിക്കാനും സാമ്രാജ്യത്വത്തിന് ഇന്ന് കഴിയുന്നുണ്ട്. നിക്ഷേപത്തിന്‍റെ പ്രലോഭനമുയര്‍ത്തിയാണ് ഇത് സാദ്ധ്യമാക്കുന്നത്. ആസിയാന്‍ സഖ്യത്തിലെ രാജ്യങ്ങള്‍ക്ക് സാമ്രാജ്യത്വരാഷ്ട്രങ്ങളുമായി ഗാഢമായ ബന്ധങ്ങളുണ്ട്. ഇന്ത്യയുടെ ഭാവികാലത്തെ സാദ്ധ്യതയായി പ്രചവചിക്കപ്പെടുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും സോഫ്റ്റ് വെയര്‍ മേഖലയും ഈ കരാറില്‍ നിന്ന് ഒഴിവാകുന്നത് അര്‍ത്ഥഗര്‍ഭമാകുന്നത് ഇവിടെയാണ്. ഈ പശ്ചാത്തലത്തില്‍ മന്‍മോഹന്‍സിംഗ്, ചിദംബരം അലുവാലിയ ത്രയത്തിന്‍റെ മസ്തിഷ്കത്തിലൂടെ വാര്‍ന്നുവീഴുന്ന കരാറുകളുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കപ്പെടുക എന്നത് വളരെയേറെ പ്രാധാന്യമുള്ള ഒരു വെല്ലുവിളിയാണ്.
ആസിയനും കേരളവും
വേലിതന്നെ വിളവുതിന്നുകയില്ലയെന്നത് വെറും ഒരു പറച്ചില്‍ മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാണ്. സംരക്ഷകന്‍ സംഹരിക്കില്ല എന്ന വിശ്വാസത്തിന്‍റെ ആവിഷ്കാരം. ഇവിടെ വേലികള്‍ ഇല്ലാതാക്കപ്പെടുന്നു. ഇറക്കുമതി തീരുവകള്‍ കാര്‍ഷികവിളകള്‍ക്കു ചുറ്റും സൃഷ്ടിക്കപ്പെട്ട വേലികളാണ്. സംസ്കാരവും ജീവിതരീതിയും എന്ന നിലയില്‍ മാത്രം കാലാന്തരത്തില്‍ കാര്‍ഷികവൃത്തി അതിജീവിക്കുകയില്ല എന്ന ബോധ്യത്തില്‍ നിന്നാണ് ഇന്ത്യന്‍ കര്‍ഷകനെയും അവന്‍റെ വിളകളെയും നിലനിര്‍ത്തുന്നതിനും ഇറക്കുമതി തീരുവകള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടെ സ്വത്വം കാര്‍ഷികജനതയുടെതാണെന്ന് നമ്മുടെ ദേശീയനേതൃത്വം തിരിച്ചറിഞ്ഞിരുന്നുവെന്നു കാണുക. 1990 കളിലെ ലോകവ്യാപാരകരാറിന്‍റെ തുടര്‍ച്ചയിലാണ് നികുതിയിളവ് ഇറക്കുമതിയില്‍ അനുവദിച്ച് ദുരിതം വിതച്ചത്.
ആസിയന്‍ കരാര്‍ കേരളത്തിലെ കര്‍ഷകന് മരണക്കരാര്‍ ആകുന്നതെന്തുകൊണ്ട്? കേരളത്തിലെ ജനസംഖ്യയില്‍ 1.5 കോടിയോളം കര്‍ഷകരുണ്ട്. പരമ്പരാഗതമായ കാര്‍ഷികവൃത്തി തുടര്‍ന്നുവരുന്നവര്‍, ലാഭകരമായതുകൊണ്ട് ചില പ്രത്യേകകൃഷിരീതികളിലേക്ക് തിരിഞ്ഞവര്‍, ഭക്ഷണത്തിനായി കൃഷി പണിതുടരുന്നവര്‍, സ്വന്തം ആവശ്യത്തിന് ഭക്ഷ്യധാന്യം കൃഷി ചെയ്ത് ബാക്കിയില്‍ നിന്നും സമ്പാദ്യം എടുക്കുന്നവര്‍ അങ്ങനെ വിവിധ വിഭാഗക്കാര്‍.... എല്ലാ വിഭാഗത്തില്‍പെട്ടവരെയും ആക്രമിക്കുന്നതാണ് ഈ കരാര്‍ എന്നു കാണാനാകും. കേരളത്തിലെ കര്‍ഷകര്‍-നാളികേരം, നെല്‍, റബര്‍, വാണിജ്യവിഭവങ്ങള്‍ ഏതുതരത്തിലുള്ളവരായാലും പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എല്ലാം വാങ്ങുന്നവരായി അതിവേഗം ഉപഭോക്തൃസംസ്ഥാനമെന്ന പദവിയിലേക്ക് പതിക്കുന്ന കേരളത്തില്‍ ഭക്ഷ്യസ്വയം പര്യാപ്തതയും കാര്‍ഷികസമൃദ്ധിയും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍മെല്ലെയെങ്കിലും പച്ചപിടിച്ചുവരുന്ന ഘട്ടത്തിലാണ് ഈ കരാര്‍ വരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കരാറില്‍ നെഗറ്റീവ് ലിസ്റ്റ് അഥവാ സംരക്ഷിതപട്ടിക എന്നുപറയുന്ന വിഭാഗത്തില്‍ നാളികേരവും നാണ്യവിളകളും ഉള്‍പ്പെടുന്നില്ല. കാര്‍ഷികോത്പന്നങ്ങളുടെ പട്ടികയില്‍പെടുന്ന ഉത്പന്നങ്ങള്‍ക്ക് പരമാവധിനികുതി (ബൗണ്ട്റേറ്റ്) 300% വരെയാണ്. അതിനര്‍ത്ഥം 100 തേങ്ങയ്ക്ക് 4000 രൂപ ആഭ്യന്തരവിപണിയില്‍ വിലയുണ്ടെങ്കില്‍ ഇറക്കുമതി തീരുവ 12000 രൂപവരെ ചുമത്താം എന്നതാണ്. മറ്റൊരുരാജ്യത്ത് നാളികേരത്തിന് 3000 വിലയെങ്കില്‍ കേരളത്തിലെ വിപണിയിലെത്തുമ്പോള്‍ 15000 രൂപവരെ നല്‍കണമെന്നര്‍ത്ഥം. അങ്ങനെ കേരളത്തിലെ നാളികേരകര്‍ഷകര്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ഈ പരമാവധി നികുതിയില്‍ കുറവുവരുത്തുകയല്ല മറിച്ച് നിലവിലുള്ള നികുതിയില്‍ ക (അപ്ലൈഡ് നികുതിയില്‍) കുറവുവരുത്തുകയാണ് കരാര്‍ ഒപ്പിട്ടപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
2009 -10 ലെ ബജറ്റ് പ്രസംഗത്തില്‍ പി ചിദംബരം പറഞ്ഞത് കാപ്പി, റബ്ബര്‍, സുഗന്ധദ്രവ്യങ്ങള്‍, കശുവണ്ടി, നാളികേരളകര്‍ഷകരെ സഹായിക്കാന്‍ പദ്ധതിയ്ക്കുരൂപം നല്‍കുമെന്നാണ്. സഭയ്ക്കുള്ളില്‍ കൈയടിച്ചവരും പുറത്ത് മുഖപ്രസംഗങ്ങളിലൂടെ ആഘോഷിച്ചവരും ഒരു കാര്യം മാത്രം ശ്രദ്ധിച്ചില്ല. പദ്ധതിക്കാവശ്യമായ വിഹിതം ഉണ്ടായിരുന്നില്ല എന്നതാണത്. അതിനുശേഷം ഇടുക്കിയിലെത്തിയ വാണിജ്യകാര്യമന്ത്രി ജയറാം രമേശും വാഗ്ദാനങ്ങള്‍ നിരത്തി. 1350 കോടിരൂപയുടെ സഹായം നാളികേരളത്തിനുള്‍പ്പെടെ നല്‍കി 2900 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നാളികേരവാണിജ്യമന്ത്രാലയത്തിന്‍റെ പരിധിക്കുകീഴെ വരുന്നതല്ല എന്നുകൂടി ഓര്‍ക്കാതെ നടത്തിയ പ്രഖ്യാപനം കേരളത്തിലെ കര്‍ഷകസമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം വ്യക്തമാക്കുന്നത് കൂടിയാണ്. ഉമ്മന്‍ചാണ്ടിക്ക് സംശയമില്ല. ആസിയന്‍ കരാര്‍ കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്നതാണെന്ന കാര്യത്തില്‍ പക്ഷെ വയലാര്‍ രവിക്കും എ കെ ആന്‍റണിക്കും അത്ര ഉറപ്പില്ലായിരുന്നുവത്രെ. കേന്ദ്രമന്ത്രി സഭായോഗത്തില്‍ അവര്‍ ചില സംശയങ്ങളും ആശങ്കകളും പ്രകടിപ്പിച്ചത്രെ. എല്ലാത്തിനും ഉത്തരം കിട്ടി തൃപ്തരായി. കേരളവികസനം അടുത്ത ഗിയറിലേക്കുമാറ്റുവാന്‍ പോകുന്നുവെന്ന് നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ മധ്യകേരളത്തില്‍ കര്‍ഷകരാഷ്ട്രീയത്തിന്‍റെ ഇടവിളകൃഷികൂടി നടത്തുന്ന മാണിസാര്‍ തറപ്പിച്ചുതന്നെ പറഞ്ഞു ആസിയാന്‍ കരാര്‍ കേരളത്തിനുദോഷകരമെന്ന് കുഞ്ഞാലികുട്ടി സാഹിബുനുമുണ്ട് കരാറുകളുടെ സന്ദേഹങ്ങള്‍. കാണാച്ചരടുകള്‍ക്കൊടുവില്‍ സാമ്രാജ്യത്വ കെണി കണ്ടിരുന്ന്. സാമ്രാജ്യത്വ വിരോധിക്കിതു നിശബ്ദകാലം. സഖാവ് സി പി ജോണിനുമുണ്ട് ചില ആശങ്കകള്‍.... ചായക്കോപ്പയിലെ കൊടുക്കാറ്റായൊടുങ്ങുന്ന സന്ദേഹ ആശങ്കപ്രകടനങ്ങള്‍ക്കപ്പുറം ഈ കരാര്‍ കേരളത്തെ എങ്ങനെയാണ് ബാധിക്കുകയെന്ന ഗൗരവതരമായൊരു അന്വേഷണം അവരുടെ അജണ്ടയിലില്ല.
1997 ന്‍റെ സാമ്പത്തികതകര്‍ച്ച ഏഷ്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതത്തിന്‍റെ ഇരകളായിരുന്നു കേരളത്തിലെ റബര്‍ കര്‍ഷകരെന്നത് ഓര്‍ക്കുക. ലോകവ്യാപാര കരാറും, ഇന്തോ-ശ്രീലങ്കന്‍ കരാറും റബര്‍, ഇറക്കുമതിക്കും റബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും കാരണമായപ്പോള്‍ റബര്‍ വിലയില്‍ ഉണ്ടായ മാറ്റത്തിന്‍റെ ദുരന്തം ഒരു പേക്കിനാവായി ഇന്നും പിന്തുടരുന്നുണ്ട്. കേരളത്തിലെ റബര്‍കര്‍ഷകരിപ്പോല്‍ തന്നെ പ്രതിസന്ധിയുടെ അടയാളങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 2004-05 ല്‍ 68718 ടണ്‍ ആണ് ഇറക്കുമതി ചെയ്തത്. 2006-07 ല്‍ അത് 82000 ടണ്‍ ആയി. ടയര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ ആഭ്യന്തരവിപണിയില്‍ നിന്നും റബര്‍ വാങ്ങുമ്പോള്‍ 1.5 രൂപ ഒരു കിലോഗ്രാമിനു സെസ് ആയും 4% മൂല്യവര്‍ദ്ധിത നികുതി കൂടാതെ എക്സൈസ് ഡ്യൂട്ടി ആയും നല്‍കുന്നവരുണ്ട്. ഏറ്റവും പ്രധാനം ഇറക്കുമതി നികുതി 5% ആയി താഴ്ത്തി ഇറക്കുമതിക്ക് സൗകര്യമൊരുക്കുകയും ചെയ്തുവെന്നതാണ്.
റബ്ബറിനെ നെഗറ്റീവ് ലിസ്റ്റില്‍പെടുത്തിയിട്ടുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എക്സ്ക്ലൂസീവ് ലിസ്റ്റിനെയാണദ്ദേഹം ഉദ്ദേശിക്കുന്നത്. ആ ലിസ്റ്റില്‍പെട്ട ഉത്പന്നങ്ങള്‍ ചുങ്കനിരക്ക് കുറക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന പ്രചരണം അജ്ഞതയുടെ സൃഷ്ടിയാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം നുണപറയലാണ്. മാര്‍ക്കറ്റ് വിപുലീകരണത്തിന് ഓരോവര്‍ഷവും അവലോകനം നടത്തണമെന്നാണ് പറയുന്നത്. ഫലത്തില്‍ വര്‍ഷംതോറും ചുങ്കനിരക്ക് കുറക്കണമെന്നതുതന്നെ. അപ്പോഴും നാണ്യവിളകള്‍ എന്ന പരിഗണനയാണ് നല്‍കിയിരിക്കുന്നത്. അതിനര്‍ത്ഥം പരമാവധി ചുമത്താവുന്ന നികുതി നാല്‍പതുശതമാനമാണെന്നര്‍ത്ഥം. കേരളത്തിലെ റബര്‍ കര്‍ഷകര്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി ഭയാനകമായിരിക്കും. റബ്ബറിന്‍റേയും മൂല്യവര്‍ദ്ധിതഉല്‍പ്പന്നകളുടേതുമായി 173 ഇനങ്ങളാണ്. പട്ടികയിലുള്ളത്. അതില്‍ നാലിനങ്ങള്‍ മാത്രമാണ് സംരക്ഷിതപട്ടികയില്‍പെടുത്തിയിട്ടുള്ളത്. 169 ഇനങ്ങള്‍ പെടുത്തിയിട്ടില്ല. പല ഇനങ്ങളുടേയും നികുതി 2013 ലും മറ്റുചിലവയുടേത് 2016 ലും പൂജ്യം നികുതിനിരക്കിലും എത്തിച്ചേരും.
പാമോയിലിന്‍റെ തീരുവയിലുണ്ടാകുന്ന കുറവ് നാളികേരത്തിന്‍റെ നാടായ കേരളത്തിന്‍റെ ഭൂപടത്തെ എങ്ങനെ മാറ്റിതീര്‍ക്കും എന്നുപ്രവചിക്കാന്‍ പോലുമാവില്ല. ഇപ്പോള്‍ തന്നെ റബറിനും, മറ്റുമായി നശിപ്പിക്കപ്പെട്ട തെങ്ങിന്‍പാടങ്ങള്‍ സൃഷ്ടിക്കുന്നത് സാമ്പത്തികമാത്രമായ ഒരു പ്രതിസന്ധിയല്ല. യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുന്നത് ഇതര നിക്ഷേപമേഖലകളെ ലക്ഷ്യം വച്ചുകൊണ്ട് ഇന്ത്യ, കാര്‍ഷികമേഖലക്കു ഏറ്റവും കുറഞ്ഞ പ്രാധാന്യം നല്‍കുന്നു. ആസിയന്‍ രാജ്യങ്ങളും മറ്റു രാഷ്ട്രങ്ങളും (വികസിതരാഷ്ട്രങ്ങള്‍) ഉള്‍പ്പെടെ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്രശ്രമങ്ങളിലാണ്. ആസിയാന്‍ കരാറിലൊപ്പിട്ട ചൈനയും ജപ്പാനും കാര്‍ഷികവിളകളുടെ കാര്യത്തില്‍ യാതൊരു നീക്കുപോക്കിനും തയ്യാറായില്ല. എന്നാല്‍ ജപ്പാനുമായുള്ള കരാര്‍ ആസിയന്‍ രാഷ്ട്രങ്ങള്‍ക്ക് പ്രധാനമായതിനാല്‍ ജപ്പാന്‍റെ ശാഠ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു.
ഇന്ത്യയില്‍ 66 കോടി മത്സ്യാഹാരികള്‍ ഉണ്ടെന്നാണ്. കേരളത്തിലാകട്ടെ ഒന്നരലക്ഷംപേര്‍ മത്സ്യബന്ധനത്തിന് നേരിട്ട് ഇടപെടുന്നവരാണ്. ഏഴരലക്ഷം പേര്‍ അനുബന്ധതൊഴിലുകളില്‍ ഇടപെടുന്നവരും. 500 മീറ്റര്‍ ദൈര്‍ഘ്യമുള്ള കടലും 44 നദികളും 34 കായലുകളുമാണ് കേരളത്തിന്‍റെ മത്സ്യസ്രോതസ്സ്. തീരങ്ങളില്‍ ദുരിതം വിതയ്ക്കുന്ന സാമ്പത്തികസുനാമിയായി 2013 ല്‍ ആസിയാന്‍ കരാര്‍ രൂപാന്തരം പ്രാപിയ്ക്കും. ഇന്ത്യയില്‍ ഒരുവര്‍ഷം ആറരലക്ഷം ടണ്‍ മത്സ്യമാണ് ശേഖരിക്കപ്പെടുന്നത്. ആസിയന്‍ രാഷ്ട്രങ്ങളില്‍നിന്നാകട്ടെ 15 ലക്ഷം ടണ്‍. ഇന്ത്യയിലേക്ക് ആസിയന്‍ രാഷ്ട്രങ്ങളില്‍നിന്നുള്ള വിലകുറഞ്ഞ മത്സ്യയിനങ്ങളുടെ പ്രളയത്തിന് വഴിയൊരുക്കുന്നു. ചിലമത്സ്യയിനങ്ങള്‍ സംരക്ഷിതപ്പട്ടികയിലുണ്ടെന്ന് പറയുന്നു. എന്നാല്‍ സംസ്കരിക്കപ്പെട്ട മത്സ്യയിനങ്ങള്‍ സംരക്ഷിതപ്പട്ടികയില്‍പെടില്ല. ഇറക്കുമതിചെയ്യപ്പെടുന്ന മത്സ്യങ്ങള്‍ നല്ലൊരു ശതമാനം സംസ്കരിക്കപ്പെട്ട രൂപത്തിലുള്ളവയാണ്. ചുരുക്കത്തില്‍ പ്രാദേശിക മത്സ്യബന്ധനം തകരുകയും മത്സ്യബന്ധന തൊഴില്‍ ഉപേക്ഷിക്കപ്പെടേണ്ടി വരുകയും ചെയ്യുന്നതിന്‍റെ പ്രത്യാഘാതം സാമ്പത്തിക മേഖലയില്‍ മാത്രമായിരിക്കില്ല.
ആറുവര്‍ഷം നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ ഇന്ത്യയ്ക്ക് കീഴടങ്ങേണ്ടിവന്നു എന്നതാണ് ചുരുക്കം. 1460 ഇനങ്ങള്‍ സംരക്ഷിതപട്ടികയില്‍ പെടുത്തണമെന്ന് വാദിച്ചുതുടങ്ങിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 489 ഇനങ്ങള്‍മാത്രമാണ് ഈ പട്ടികയില്‍പെടുത്താനായത്. ഈ ഇനങ്ങളുടെ ശരാശരി ഇറക്കുമതി തീരുവയാകട്ടെ 30% ആണുതാനും.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സോഫ്റ്റ്വെയര്‍ അനുബന്ധ ഉല്പന്നങ്ങള്‍ ഇവ ഒഴിവാക്കി രൂപപ്പെട്ട കരാര്‍ എന്ത് സന്ദേശമാണ് ഇന്ത്യയിലെ തൊഴില്‍ രഹിതര്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാണ്. സേവന-നിക്ഷേപ മേഖലകളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടും പരിഗണിച്ചുകൊണ്ടും കരുപ്പിടിപ്പിച്ച ഈ കരാര്‍ ദോഹവട്ടച്ചര്‍ച്ചകള്‍ക്കുമുമ്പുതന്നെ ഒപ്പുവെച്ചതിന്‍റെ കാരണവും വ്യക്തമാണ്. യു പി എ സര്‍ക്കാരിന്‍റെ പൊതുസമീപനം വ്യക്തമാക്കുകയാണ് ഇതിലൂടെ. 2010 മുതല്‍ 2019 വരെയുള്ള കാലഘട്ടം കേരളചരിത്രത്തിലെ ഇരുണ്ടനാളുകളായിരിക്കും. നാം മറക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷക ആത്മഹത്യകളുടേയും സാമ്പത്തികതകര്‍ച്ചയുടേയും ആവര്‍ത്തനം. കേരളത്തിന്‍റെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ യുദ്ധകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പിന്തുണയില്‍ സാക്ഷാത്ക്കരിച്ച് തുടങ്ങുന്ന ഘട്ടത്തില്‍ ഇരുട്ടടിപോലെയെത്തുന്ന കരാറിനെതിരെ അതിശക്തവും ബൃഹത്തുമായ ബഹുജനമുന്നേറ്റം അനിവാര്യമായിവരുന്നു. ദുരന്തകാലത്ത് വിലാപഗീതം ആലപിക്കുകയല്ല വിപത്തിനെ ഒഴിവാക്കാനുള്ള വിപദിധൈര്യം ആര്‍ജിക്കലാണ് കേരളസമൂഹത്തിന്‍റെ അടിയന്തര കടമ. രാഷ്ട്രീയഭിന്നതകളോ ആശയഭിന്നതകളോ അപ്രസക്തമാകുന്നൊരു നിര്‍ണായകഘട്ടത്തിലെ ഏറ്റവും ഉചിതമായൊരു ചുവടുവയ്പ്പായി 2009 ലെ ഗാന്ധിജയന്തിദിനത്തില്‍ സൃഷ്ടിക്കപ്പെടുന്ന മനുഷ്യച്ചങ്ങല ചരിത്രത്തിലിടം തേടുന്നത് അങ്ങനെയായിരിക്കും.
0 comments :
Post a Comment