Ads

മുന്‍വിധി

മുന്‍ വിധിയാല്‍ നയിക്കപ്പെടുന്ന നീതിപീഠങ്ങള്‍ മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനെ പോലെയാണ്. നീതിയുടെ ഒഴുക്ക് നിലക്കും. പൗരാവകാശങ്ങളും ജനാധിപത്യ വ്യവസ്ഥയുടെ സവിശേഷതയായ സംവാദ സാധ്യതകളും ഇല്ലാതാകും. സംശയാതീതനായ സീസറിനെ പോലെ വിധിന്യായത്തിന്‍റെ ഉള്ളടക്കത്തില്‍ മുന്‍വിധിസ്പര്‍ശമില്ലെന്നു ബോധ്യപ്പെടുത്തേണ്ടത് ജുഡീഷ്യറിയുടെ അനിവാര്യതയാണ്.

കേരളത്തിലിന്ന് ജുഡീഷ്യറിയെ സംബന്ധിച്ച സംവാദങ്ങളും വിവാദങ്ങളും നിരവധിയാണ്. ഭരണഘടനയുടെ അനുഛേദം 246 വിശദീകരിക്കുന്ന അധികാര വിഭജന തത്വത്തെ അപ്രസക്തമാക്കുന്ന തരത്തില്‍ കോടതികള്‍ പെരുമാറുന്നുവെന്ന വിമര്‍ശനം സമീപകാലത്ത് ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ ആക്ടിവിസം എന്ന പേരില്‍ അമിതാധികാര പ്രവണതകള്‍, മറ്റുചിലപ്പോള്‍ എക്സിക്യൂട്ടീവിനെക്കാള്‍ വലിയ എക്സിക്യൂട്ടീവ് ആകുന്നുവെന്ന വിലയിരുത്തലുകള്‍. ഇന്ത്യന്‍ ജുഡീഷ്യറിയെ ചൂഴ്ന്നു നില്‍ക്കുന്ന അസുഖകരമായ അന്തരീക്ഷം ഇന്ത്യന്‍ ജനാധിപത്യത്തെ ഒരു തരത്തിലും ശക്തിപ്പെടുത്തുന്നില്ല. മറ്റേതൊരു മേഖലയിലെന്നപോലെ അഴിമതിയും ജുഡീഷ്യറിയെ ഗ്രസിച്ചിരിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുകളും നമ്മുടെ മുന്നിലുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന ഉപേന്ദ്രബക്ഷി പറയുന്നതിങ്ങനെയാണ്. " വര്‍ഷങ്ങളായി ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ വീണ കരിനിഴല്‍ മാറ്റാന്‍ അടിയന്തിര നടപടികള്‍ അനിവാര്യമാകുന്നു". ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ബറൂച്ചയും നീതിന്യായ വ്യവസ്ഥയിലെ രോഗലക്ഷണങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

1921 ല്‍ അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ബഞ്ചമിന്‍ കാര്‍ഡസോ പറഞ്ഞത് ന്യായാധിപന്‍റെ പശ്ചാത്തലങ്ങളും സാമൂഹ്യവീക്ഷണവും വിധിന്യായങ്ങളില്‍ പ്രതിഫലിക്കുമെന്നാണ്. ആഗോളവല്‍ക്കരണകാലത്ത് രൂപപ്പെട്ട നൈതിക മൂല്യബോധങ്ങള്‍ നീതിപീഠങ്ങളെ ഗ്രസിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച ജീവസുറ്റ സംവാദം നിയമമേഖലയേയും ഇന്ത്യന്‍ ജനാധിപത്യത്തേയും തീര്‍ച്ചയായും ശക്തിപ്പെടുത്തും നിയമനിര്‍മ്മാണവേളയില്‍ നിയമനിര്‍മ്മാതാക്കളുടെ ചേതോവികാരവു മായി താദാത്മ്യം പ്രാപിക്കുമ്പോഴാണ് നീതിന്യായ വ്യവസ്ഥക്ക് ജനാധിപത്യ സമൂഹത്തില്‍ ഓജസ്സുണ്ടാകുന്നതും വിശ്വാസമാര്‍ജ്ജിക്കാനാകുന്നതും.

അടുത്തകാലത്തായി കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട പലവിധിന്യായങ്ങളും ഭരണഘടനാ നിര്‍മ്മാതാക്കളുടെ ചേതോവികാരത്തോട് നീതിപുലര്‍ത്തുന്നതാണോ എന്ന ആശങ്ക അവഗണിക്കാനാകില്ല. ആനുപാതികതത്വം അനുസരിച്ചുള്ള യുക്തിപൂര്‍വ്വമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ല മറിച്ച് പൗരാവകാശങ്ങളെ ഹനിക്കുന്നതാണ് തെരുവോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിധിയെന്ന വാദമുയര്‍ന്നു. തെരുവുകളിലെ ജനാധിപത്യ സംവാദങ്ങള്‍ സമ്മാനിക്കുന്ന അവബോധം ഉള്‍ക്കൊള്ളാന്‍ നീതിപീഠങ്ങള്‍ക്കു കഴിയാത്തതിനു കാരണം കാര്‍ഡസോ ചൂണ്ടിക്കാണിച്ച ജഡ്ജിമാരുടെ പശ്ചാത്തലവും സാമൂഹിക വീക്ഷണവും കാരണമാകാം. അനുഛേദം 19 (1) (എ) നല്‍കുന്ന സംസാര സ്വാതന്ത്ര്യവും ആശയപ്രകടന സ്വാതന്ത്ര്യവും ഹനിക്കുന്നതായി ആ വിധിയെന്ന വിമര്‍ശനത്തിന് ഫലപ്രദമായ മറുപടി ഉയര്‍ന്നിട്ടില്ല. ഭരണകൂടത്തിന് തലവേദന ഒഴിവാക്കുക എന്നത് നീതിപാലകരിലൂടെ ഭരണകൂടങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒന്നാണ്. കോടതികള്‍ ഭരണകൂടത്തെയും പൗരനെയും തുല്യപരിഗണനയിലൂടെയാണ് കാണേണ്ടതെന്ന അടിസ്ഥാനത്വം അപ്രസക്തമായാല്‍ തെരഞ്ഞെടുപ്പ് മാത്രമാണ്  ജനാധിപത്യാവിഷ്കാരം എന്ന നില രൂപപ്പെടും. സ്വാശ്രയ കോളേജുകള്‍ക്ക് അനുകൂലമായ നിരവധി വിധികളുണ്ടായത് സമീപകാലത്താണ്. മധ്യപ്രദേശില്‍ സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. കൊച്ചി നഗരത്തിലെ കൊതുകു നിര്‍മ്മാര്‍ജ്ജനത്തെ സംബന്ധിച്ച വിധിയും ശബരിമലയില്‍ നിര്‍ദ്ദേശിച്ച പരിഷ്കാരങ്ങളും ജനങ്ങളിലുളവാക്കിയ മതിപ്പിനെ സംബന്ധിച്ച ആത്മപരിശോധന കോടതികള്‍ നടത്തിയിട്ടുണ്ടോ?

കോഴിക്കോട് യുവജന നേതാക്കളുടെ ജാമ്യാപേക്ഷമേല്‍ കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. പൊതുമുതല്‍ നശീകരണ കുറ്റം ആരോപിക്കപ്പെടുന്ന കേസുകളിലെ പ്രതികള്‍ ജാമ്യ ബോണ്ടിനൊപ്പം, പോലീസ് കണക്കാക്കിയ നഷ്ടപരിഹാരതുക കൂടി കെട്ടിവയ്ക്കണമെന്നതാണ് വിധിസാരം. വെറുതെവിട്ടാല്‍ തുക തിരിച്ചു നല്‍കും. ശിക്ഷിച്ചാല്‍ കെട്ടിവച്ച തുക സര്‍ക്കാരിന് മുതല്‍ക്കൂട്ടും. ഒറ്റനോട്ടത്തില്‍ പൊതുമുതല്‍ സംരക്ഷിക്കാനുള്ള കോടതിയുടെ ധീരമായ ആര്‍ജ്ജവമെന്നു തോന്നാം. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് നിരപരാധിയാണെന്ന അനുമാനം (ജൃലൗാശെേീി ീള ശിിീരലിലെ) പ്രതികളുടെ ജന്മാവകാശമാണെന്നത്. ഇവിടെ പ്രസക്തമാകുന്ന പ്രശ്നം നഷ്ടപരിഹാര തുക തീരുമാനിക്കുന്നത്  പോലീസാണ്. ക്രിമിനല്‍ നടപടി ക്രമത്തില്‍ കൃത്യമായി പറയുന്നു ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്നത് കോടതിയായിരിക്കണം. പോലീസാകരുതെന്ന് ഇവിടെ സംഭവിക്കുന്നത് പോലീസ് തീരുമാനിക്കുന്ന തുക ജാമ്യത്തിനായി കെട്ടണമെന്നതാണ്. വിചാരണക്കു മുമ്പുള്ള ശിക്ഷയായി പരിഗണിക്കേണ്ടി വരുന്ന നിബന്ധനയാണിത്. പ്രസിദ്ധമായ മേനകാഗാന്ധി കേസില്‍ സുപ്രീം കോടതി കുറ്റവാളിയാണെന്ന് തെളിയിക്കാതെ ഒരാളുടെയും പൗരാവകാശവും സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കപ്പെടാന്‍ പാടില്ലെന്നു തന്നെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. (മേനകാഗാന്ധി ഢ/െ ഇന്ത്യന്‍ യൂണിയന്‍ 1978).

പ്രതി കുറ്റവാളിയല്ല. കുറ്റാരോപിതനാണ്. വിചാരണക്കൊടുവിലാണ് കുറ്റവാളിയാണോയെന്ന് തീര്‍പ്പാക്കുന്നത് കോടതി വിധിയെ ചോദ്യം ചെയ്ത് മേല്‍ കോടതികളുടെ അപ്പീല്‍ തീര്‍പ്പ് വരും വരെയും പ്രതി സാധാരണ പൗരനാണ്. ജാമ്യത്തെ സംബന്ധിച്ച കാഴ്ചപ്പാട് വിചാരണ വേളകളിലും അന്വേഷണ വേളയിലും കുറ്റാരോപിതന്‍റെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നതാണ്. ലോ ലെക്സിക്കനും, വിഖ്യാതമായ ബ്ലാക്ക്സ്ലോ ഡിക്ഷണറിയും ജാമ്യത്തെ വിശദീകരിക്കുന്നതും അങ്ങനെതന്നെയാണ്. കുറ്റാരോപിതന്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ഇടയുണ്ടെന്ന കാരണത്താല്‍ ജാമ്യാപേക്ഷയിന്‍മേല്‍ പ്രോസിക്യൂഷന്‍ തടസ്സവാദം ഉയര്‍ത്താറുണ്ട്. അപ്പോള്‍ പോലും പ്രതിയുടെ സാമ്പത്തികമായ കഴിവിനപ്പുറമുള്ള തുക ജാമ്യത്തിനായി കെട്ടണമെന്നതിന് നീതികരണമുണ്ടാകുന്നില്ല.

കേരളത്തില്‍ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ പ്രീതിക്കുവേണ്ടി പോലീസ് സംവിധാനം ദുരുപയോഗപ്പെടുത്തുന്നത് പുതിയ സംഭവമല്ല. സര്‍ക്കാര്‍ വിരുദ്ധസമരങ്ങളെ ഇല്ലാതാക്കാന്‍ പോലീസ് തയ്യാറാക്കുന്ന കെട്ടുകഥയ്ക്ക് സമാനമായ തിരക്കഥ  വിചാരണയ്ക്ക് മുമ്പ് ശരിവയ്ക്കപ്പെടുന്ന അവസ്ഥ സ്വാഭാവികനീതിയുടെ കൂടെ ലംഘനമാകുന്നു. മറ്റൊന്ന് ആയിരങ്ങള്‍ അണി നിരക്കുന്ന പ്രകടനങ്ങളിലൊന്നില്‍ കടന്നു കയറുന്ന ഒരു ദുഷ്ഠ ബുദ്ധിക്ക് പ്രക്ഷോഭ നേതൃത്വത്തെ ദീര്‍ഘകാലം ജയിലിനുള്ളില്‍ തളച്ചിടാനാകുമെന്നതാണ്. ഭീമമായ ഒരു തുക പോലീസ് നിശ്ചയിക്കുകയും അത് കെട്ടാനാകാതെ ഒരു പൗരന്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുക എന്നത് സ്റ്റേറ്റിന് സുഖകരമായിരിക്കുമെങ്കിലും സുപ്രീംകോടതി വിധികളിലൂടെയും ഭരണഘടനയുടെ പ്രസക്ത വകുപ്പുകളിലൂടെയും പ്രഖ്യാപിക്കപ്പെടുന്ന പൗരാവകാശ-ജനാധിപത്യ സ്വാതന്ത്ര്യത്തിന് നിരക്കുന്നതല്ല. സര്‍വ്വദേശീയ മനുഷ്യ പ്രകാശപ്രഖ്യാപനത്തിന്‍റെ സത്തയോട് നീതി പുലര്‍ത്തുന്നതുമല്ല.

പൊതുമുതല്‍ നാശം തെരുവുകളില്‍ മാത്രം സംഭവിക്കുന്നതല്ല. പൗരന്‍റെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതു തന്നെ. പൊതുമുതല്‍ അധികാരത്തിന്‍റെ ആനുകൂല്യമുപയോഗിച്ച് അപഹരിക്കപ്പെടുന്ന അഴിമതി ഇന്ന് നഗ്നയാഥാര്‍ത്ഥ്യമാണ്. ലെജിസ്ലേച്ചറിന്‍റെയും എക്സിക്യൂട്ടീവിന്‍റെയും ജൂഡീഷ്യറിയുടേയും ഘടനയില്‍ സംഭവിക്കുന്ന ജീര്‍ണ്ണതകള്‍ക്ക് പ്രതിവിധിയെന്താണ്? അഴിമതിയിലൂടെ നികുതി പണം ദുര്‍വ്യയം ചെയ്യപ്പെടുകയും വൈകുന്ന നീതിയിലൂടെ നീതി നിക്ഷേധിക്കപ്പെടുകയും  ചെയ്യുന്നതിന്‍റെ സാമ്പത്തിക മൂല്യം ആരാണ് നിശ്ചയിക്കുക? ഇത്തരം അപഭ്രംശങ്ങള്‍ക്ക് കാരണമാവുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കുകയും  പ്രക്ഷോഭങ്ങളെയും പൗരാവകാശങ്ങളെയും യാന്ത്രികമായി നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ രൂപപ്പെടുന്നത് കടുത്ത അസംതൃപ്തിയും അസ്വസ്ഥതയുമാണ്. ഇത് പ്രതിഫലിക്കുന്നത് എങ്ങനെയാവുമെന്ന് പ്രവചിക്കാനാവില്ല. ജനാധിപത്യ ഇന്ത്യയില്‍ കോടതികള്‍ പ്രതീക്ഷയുടെ തുരുത്താണ്  അത് അങ്ങനെയല്ലെന്ന തോന്നല്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. കാരണം സര്‍വ്വാധിപത്യത്തിന്‍റെ നേരിയ നിഴലിനെപ്പോലും എതിര്‍ക്കുന്ന രാഷ്ട്രീയ മനസ്സ് ഇന്ത്യ എന്നും കാക്കുന്നുണ്ട്.

സി.പി.എം.നെ ഭയമാണോ? എം. വി. ജയരാജനെ ഭയമാണോ? നാട്ടിന്‍പുറത്തെ പോലീസ് സ്റ്റേഷനില്‍ സാക്ഷി മൊഴി രേഖപ്പെടുത്താന്‍ എത്തിയ സാദാ സാക്ഷിയോട് ഹെഡ് കോണ്‍സ്റ്റബിള്‍ ചോദിച്ച ചോദ്യമല്ലിത്. വിവാദമായ 'ശുംഭന്‍' കോട്ടലക്ഷ്യകേസില്‍ വിദഗ്ധ സാക്ഷിയായി ഹൈക്കോടതിയിലെത്തിയ സംസ്കൃത പണ്ഡിതനും അധ്യപകനുമായ പി.വി. നാരായണനോട് ഹൈക്കോടതി ജഡ്ജി ചോദിച്ച ചോദ്യമാണിത്. തികച്ചും അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു ഈ ചോദ്യം.   സാക്ഷിമൊഴിയുടെ ആധികാരിതയും വിശ്വാസ്യതയും ബോധ്യപ്പെടാന്‍ ചോദിക്കുന്ന ആമുഖ ചോദ്യങ്ങളായിരുന്നില്ല ഇവ. ശുംഭന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങളെ സംബന്ധിച്ച് സംസ്കൃത ഗ്രന്ഥങ്ങളായ ധാതുപാഠം, ധാതുരത്നാകരം, ധാതുനിലണ്ടു വാക്കുകളുടെ ഘടനകളെയും പ്രയോഗത്തെയും പറ്റി പ്രതിപാദിക്കുന്ന വാക്യപതിയ എന്നീ സംസ്കൃത ഗ്രന്ഥങ്ങളും, ഐതിഹ്യമാല, അമരകോശം, കൃഷ്ണഗാഥ എന്നിവയും ഉദ്ധരിച്ചാണ് 16 വര്‍ഷത്തെ അദ്ധ്യാപക പരിചയമുള്ള സംസ്കൃത സര്‍വ്വകലാശാലാ റീഡറായിരുന്ന നാരായണന്‍ മാഷ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. സംസ്കൃത പാണ്ഡിത്യത്തില്‍ സാക്ഷിയെക്കാളും മുന്നിലായിരുന്നതുകൊണ്ടാണെങ്കില്‍ സാക്ഷിമൊഴിയെ ഖണ്ഡിച്ചുകൊണ്ട് നടത്തിയ പരാമര്‍ശമായിരുന്നുവെങ്കില്‍ അസ്വാഭാവികത ഉണ്ടാകുമായിരുന്നില്ല.   മാര്‍ക്സിസത്തെ സംബന്ധിച്ച് ഇ.എം.എസിന് അറിവ് പോരെന്നു പറഞ്ഞ ജ:ഹിദായത്തുള്ളയെ ഓര്‍ത്തു പോകുന്നു.

തന്‍റെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പരാമര്‍ശം മുന്‍വിധിയല്ലാതെ മറ്റെന്താണ്? ക്രമസമാധാനചുമതലയില്ലാത്ത ഹോംഗാര്‍ഡുകളുള്‍പ്പെടെ പകയോടെ വിദ്യാര്‍ത്ഥികളെ തല്ലുന്നതും നിലത്തുകിടക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഗ്രനേഡ് എറിയുന്നതും ഉടുവസ്ത്രത്തിന് തീപിടിക്കുന്നതും ചാനലുകളിലൂടെ കണ്ടവരുടെ മുന്നിലേക്കാണ് വിചാരണക്ക് മുമ്പേയുള്ള വിധി ന്യായം വരുന്നത്. ന്യായാധിപര്‍ തങ്ങളുടെ വ്യക്തിഗത വീക്ഷണങ്ങളുടെ ഇടുങ്ങിയ ചതുരത്തിനകത്ത് നിന്ന് മാത്രം അഭിപ്രായം പറയുന്നവരായാല്‍ ഭരണഘടനയുടെ ആമുഖം അപ്രസക്തമാകും.  ശുംഭന്‍ പ്രയോഗത്തില്‍ കോടതിയലക്ഷ്യം കണ്ടെത്തിയ നീതി പീഠം 'തിണ്ണഞരങ്ങികള്‍' പ്രയോഗത്തോട് പുലര്‍ത്തുന്ന മൗനത്തിന്‍റെ അര്‍ത്ഥമെന്താണ്? സുപ്രീം കോടതി കുറ്റവാളിയെന്നു വിധിച്ച വ്യക്തിക്ക് ഇരുപുറവും നിന്ന് ഒരു പാര്‍ലമെന്‍റംഗവും നിയമസഭാംഗവും നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയുടെ യശ്ശസ്സിന് തിളക്കമുണ്ടാക്കുന്നതും നിയമവാഴ്ചയെ ബലപ്പെടുത്തുന്നതുമാണോ?

ഇവിടെ നിലവിലുള്ള കോടതിലക്ഷ്യനിയമത്തിന്‍റെ പരിമിതി കൂടി വെളിവാക്കപ്പെടുന്നുണ്ട്. വാദി തന്നെ വിചാരണ നടത്തി ശിക്ഷ വിധിക്കുന്ന രീതിയെ സംബന്ധിച്ച നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജസ്റ്റിസ് വെങ്കടചെല്ലയ്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കോടതിയലക്ഷ്യ കേസുകളില്‍ കോടതിക്കെതിരായ വിമര്‍ശനത്തില്‍ സത്യസന്ധമായ ഒരു പരാമര്‍ശം നീതീകരണമായി പരിഗണിക്കണമെന്ന് അനുഛേദം 19 (2) ലെ ഭേദഗതി വഴി അംഗീകരിക്കപ്പെട്ടു. അപ്പോഴും വാദി തന്നെ വിധി പറയുന്ന പരിമിതി നിലനില്‍ക്കുന്നു. നീതിന്യായനടപടിക്രമങ്ങള്‍ക്ക് കേവലമായ ഔപചാരികതയല്ല അലങ്കാരമാവുന്നത്. അഭിപ്രായാവിഷ്ക്കാര സ്വാതന്ത്രങ്ങള്‍ ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ ആത്മാവ് നിഴലിക്കുന്നതാവണം.

ജനാധിപത്യ സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ആഗോള വല്‍ക്കരണ കാലത്തിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ കോടതികള്‍ തയ്യാറാകുന്നുണ്ടോ?  ഈ പശ്ചാത്തലത്തില്‍ ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക് നേതൃത്വത്തില്‍ ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ലഭ്യമാകുന്ന പരിശീലനം പ്രത്യേക പഠനം അര്‍ഹിക്കുന്നു. സാമ്പത്തിക ആഗോളവല്‍ക്കരണം മാത്രമല്ല സാമ്രാജ്യത്വ വിരുദ്ധ ആഗോളവല്‍ക്കരണവും സാധ്യമാണെന്ന വസ്തുത ലോകം ഇന്നറിയുന്നു. വാള്‍സ്ട്രീറ്റിലും പല രാജ്യങ്ങളിലും പടരുന്ന പ്രക്ഷോഭങ്ങളും നല്‍കുന്ന സന്ദേശങ്ങള്‍ വായിക്കാനാവണം. കേവലം സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമല്ല മറിച്ച് നീതിയും പൗരാവകാശങ്ങളും ഹനിക്കപ്പെടുന്നുവെന്നതുകൂടിയാണ് ആ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനം.

ജനാധിപത്യ വ്യവസ്ഥയില്‍ നിയമവാഴ്ച എന്നത് കേവലം ക്രമസമാധാന പാലനം മാത്രമല്ല പൗരാവകാശങ്ങളും, നിയമനിര്‍മ്മാണ വേളയില്‍ നിയമങ്ങള്‍ക്കു പിറവി നല്‍കിയ കാരണങ്ങളും കാക്കുമ്പോഴാണ് യഥാര്‍ത്ഥ നിയമവാഴ്ച സാധ്യമാകുന്നത്. മറുഭാഗത്തുമൊരു വാദമുണ്ടെന്ന ജനാധിപത്യബോധം വിസ്മരിക്കപ്പെടാന്‍ പാടുള്ളതല്ല. പൗരസ്വാതന്ത്ര്യം അനുഭവിക്കാനാകുന്നുവെന്ന് ബോധ്യപ്പെടുമ്പോഴാണ് ജനാധിപത്യം സാര്‍ത്ഥകമാകുന്നത്. കുറ്റവാളിയാണെന്ന അനുമാനത്തിലൂടെ ആരംഭിക്കുന്ന ഏത് വിചാരണയും നിയമവാഴ്ചയെ പിന്തുണക്കുന്നതല്ല തന്നെ.
Share on Google Plus Share on Whatsapp

0 comments :

Post a Comment