Ads

കമലാസനനും കുടുംബവും നഗരത്തിലേയ്ക്കു പോകാതായ കഥ

നാട്ടിന്‍പുറത്ത് നന്നായി നടക്കുന്ന ഹോട്ടലിന്‍റെ ഉത്ഘാടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മൂന്നുഘട്ട നോട്ടീസിന്‍റെ തലവാചകം ഇങ്ങനെയായിരുന്നു."കമലാസനനും കുടുംബവും ഇനി നഗരത്തിലേയ്ക്കില്ല" ആദ്യ നോട്ടീസ് കമലാസനനും കുടുംബത്തേയും പരിചയപ്പെടുത്തുന്നില്ല. മറ്റൊന്നും പറയാതെ അവസാനിക്കുന്നു. നാട്ടുകാര്‍ നാട്ടിന്‍പുറത്തെ ചര്‍ച്ചകളില്‍ ആകാംക്ഷയോടെ ഇതേതു കമലാസനന്‍ എന്നു അത്ഭുതം കൂറുമ്പോള്‍ അതാ വരുന്നു. രണ്ടാമത്തെ നോട്ടീസ് അതില്‍ കമലാസനന്‍റെ കുടുംബത്തിന്‍റെ ഹോബികളും ഭക്ഷണശീലവുമാണ് പ്രതിപാദ്യ വിഷയം. വല്ലപ്പോഴും നന്നായി ഭക്ഷണം കഴിക്കാന്‍ ടിയാനും കുടുംബവും നഗരത്തിലേയ്ക്ക് പോകാറുണ്ട്. ഇനി ആ യാത്ര ഒഴിവാക്കുന്നു. രണ്ടാമത്തെ നോട്ടീസും തുടരന്‍ പൈങ്കിളി ലൈനില്‍ സസ്പെന്‍സിന്‍റെ മുള്‍ മുനയില്‍ നിര്‍ത്തി അവസാനിക്കുന്നു. നോട്ടീസ് പരമ്പരയുടെ അവസാന ലക്കത്തിലാണ് സംഗതി നമുക്ക് മനസ്സിലാകുന്നത്. നഗരത്തില്‍ മാത്രം കിട്ടുന്ന നല്ല ഭക്ഷണം ഇതാ ഈ നാട്ടിന്‍ പുറത്തും കിട്ടാന്‍ പോകുന്നു. അതിനു ....ാം തീയ്യതി പ്രവര്‍ത്തനമാരംഭിക്കുന്ന ഹോട്ടലിലേയ്ക്ക് വരിക. വാര്‍ത്തയുടെ വക്കോളമെത്തുന്ന പരസ്യത്തിന്‍റെ ലോക്കല്‍ പതിപ്പ് ഇന്ന് ഇങ്ങനെയൊക്കെയാണ്. ജനം എന്തു സ്വീകരിക്കണമെങ്കിലും മോഹിപ്പിക്കുന്ന വാചകങ്ങളുടെ അകമ്പടി വേണം. വിശ്വസിപ്പിക്കാനുതകുന്ന യുക്തിയില്ലായ്മകളുടെ മേമ്പൊടി വേണം. അങ്ങനെയാണ് വന്‍കിട പരസ്യ കമ്പനികളില്‍ ലക്ഷങ്ങള്‍ വിലയുള്ള തലച്ചോറുമായി "കോപ്പിറൈറ്റര്‍" മാര്‍ എന്നൊരു കൂട്ടര്‍ പരസ്യവാചകങ്ങള്‍ക്കു പിറവി നല്‍കുന്നത്. ആസക്തികളെയും ആഗ്രഹങ്ങളെയും തൃഷ്ണകളെയും ചൂഷണം ചെയത് ഉത്പന്നം വിറ്റഴിക്കുന്ന പരസ്യവാചകങ്ങളിലൂടെ വളരുന്ന വിപണിയുടെ ചിത്രമാണ് തെളിയുന്നത്. എത്രയെത്ര മോഹനമായ കൊള്ളുകയും പൊള്ളുകയും ചെയ്യുന്ന പരസ്യവാചകങ്ങള്‍, സ്വര്‍ണ്ണം, കാര്‍, മദ്യം, ഉത്തേജക മരുന്നുകള്‍ എന്തെല്ലാമെന്തല്ലാം. പക്ഷെ ഇതെല്ലാം പരസ്യങ്ങള്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഉത്പാദകന്‍റെ ത്വരയും ഉപഭോക്താവിനുള്ള ക്ഷണവുമാണ് കടഞ്ഞെടുത്ത പരസ്യവാചകങ്ങള്‍. പരസ്യങ്ങളും വാര്‍ത്തകളും തമ്മില്‍ പകലിരവുകള്‍ അകലമുണ്ട് അയഥാര്‍ത്ഥവും സാങ്കല്‍പ്പികവുമായ ലോകത്തേയ്ക്ക് മനുഷ്യമനസ്സിനെ കൂട്ടികൊണ്ടു ചെന്ന് ലാഭമുറപ്പിക്കുന്ന പരസ്യമല്ല വാര്‍ത്തകള്‍. വസ്തുതകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണാമറയത്തിരിക്കുന്ന വായനക്കാരിലേയ്ക്ക്, പ്രേക്ഷകനിലേയ്ക്ക് യഥാര്‍ത്ഥമായിഅവതരിപ്പിക്കുക എന്നതത്രെ മാധ്യമപ്രവര്‍ത്തനത്തിന്‍റെ കാതല്‍.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളതന്നെ മാധ്യമപ്രവര്‍ത്തകരിലെ അന്യായപ്രവര്‍ത്തികളെ വിചാരണ ചെയ്തിട്ടുണ്ട്."എത്രയോ ഗൗരവമേറിയ സംഗതികളെ അന്യന്‍മാരെ ശ്രദ്ധിപ്പിച്ച് സദ്ദുദ്ദേശ ശുദ്ധി വരുത്തണമെന്നിരിക്കെ രാജ്യകാര്യമെന്ന നാട്യത്താല്‍ എത്രപേര്‍ കേവലം പരന്‍മാരിലുള്ള ദ്വേഷത്തെ പ്രകടിപ്പിക്കാന്‍ വര്‍ത്തമാന പത്രങ്ങളെ രംഗസ്ഥമായി കല്‍പ്പിച്ചുവരുന്നില്ല. എത്ര പേരാണ് രാജ്യമീമാംസകര്‍ക്ക് ധര്‍മ്മോപദേശങ്ങളെ നല്‍കാതെ കണ്ട് അവരുടെ നേര്‍ക്ക് ആഭാസശരങ്ങളെ തെല്ലു ലജ്ജ കൂടാതെ പ്രയോഗിച്ചുവരുന്നത്. എന്നു മാത്രമല്ല നേരെ മറിച്ച് അധമതല്‍പരരായിരിക്കുന്ന എത്രയെത്ര ജനങ്ങളെ അവര്‍ അനര്‍ഹവും അനാവശ്യമായം സ്തുതിക്കുന്നില്ല.
(1900 ഏപ്രില്‍ 22 ലെ കേരള ദര്‍പ്പണം മുഖപ്രസംഗം)

രാജ്യകാര്യമെന്ന നാട്യത്തില്‍ പരന്‍മാരിലുള്ള ദ്വേഷത്തെ പ്രകടിപ്പിക്കാന്‍ പത്രത്താളുകള്‍ ഉപയോഗിച്ചതും അധമതല്‍പരായിരിക്കുന്നവരെ സ്തുതിക്കുന്നതും സ്വദേശാഭിമാനിയുടെ കാലത്തേയുള്ള മാധ്യമാപചയമായിരുന്നു. എന്നാലിന്ന് പരസ്യവാചകം സൃഷ്ടിക്കുന്ന കോപ്പിറൈറ്റര്‍മാരും ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി മാധ്യമങ്ങളെ ദുരുപയോഗം ചെയുന്നവരുമായ ഒരു സങ്കര മാധ്യമ സമൂഹം രൂപപ്പെട്ടു വന്നിരിക്കുന്നു. പ്രൊഫഷണല്‍ മികവുള്ള കോപ്പിറൈറ്റര്‍മാരെ വെല്ലുന്ന പാടവത്തോടെയാണ് തെരഞ്ഞെടുത്ത വാചകങ്ങളും പ്രയോഗങ്ങളുമായി മാധ്യമ മേഖലയില്‍ ഇക്കൂട്ടര്‍ സാന്നിദ്ധ്യം ഉറപ്പിക്കുന്നത്. വര്‍ത്തമാനകാല കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ ലോകത്തെവിടെയും മാധ്യമ മേഖല പഠനവിഷയമായി തെരഞ്ഞെടുത്തവര്‍ ശ്രദ്ധിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തന യോഗ്യതകള്‍ നേടിയവരും കോപ്പിറൈറ്റിംഗ് വൈദഗ്ധ്യമുള്ള ബുദ്ധിശാലികളുമൊക്കെ രാഷ്ട്രീയ കേരളത്തിന്‍റെ നാട്ടുവഴികളില്‍ പ്രലോഭിപ്പിക്കുന്ന മുല്ലപ്പൂമണവുമായി ചുണ്ണാമ്പു ചോദിച്ചു നില്‍ക്കുന്നുണ്ട്.

മറ്റൊരു കൂട്ടരുണ്ട് ഇവര്‍ ഇടതുപക്ഷത്തിന്‍റെ പോക്കില്‍ അസ്വസ്ഥരാണ്. രാത്രി വെളിച്ചത്തില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ ചുവരെഴുതാന്‍ കൂടിയതും കാമ്പസ് ജനറല്‍ ബോഡിയിലും പ്രകടനത്തിലും സ്വപ്നാടകരെ പോലെ എന്നോ നടന്നതുമൊക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സംരക്ഷക പദവി ഇവരെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നാണ് ശരീരഭാഷയിലൂടെയും വാക്ചാതുരത്തിലൂടെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. കത്തുന്ന വെയിലത്ത്, വിയര്‍പ്പില്‍, ചോരയില്‍ കുതിര്‍ന്ന മുദ്രാവാക്യങ്ങളുടെ ഇടിമുഴക്കമായി തെരുവില്‍ നില്‍ക്കുന്നവര്‍ക്ക് നിലവാരമില്ലെന്ന് ഇവര്‍ പ്രസ്താവിക്കുന്നു. സങ്കീര്‍ണ്ണമായ സാമൂഹ്യ അവസ്ഥകളെ കുരുക്കഴിച്ച് സംഘടനാനേതൃത്വമെടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ വാര്‍ത്താ സുനാമികള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ളവര്‍ നയിക്കുന്ന പ്രസ്ഥാനം തെറ്റായി തീരുമാനിക്കുന്ന പ്രസ്ഥാനവുമാണിവര്‍ക്ക് ചിലപ്പോഴെങ്കിലും ഇവര്‍ക്ക് ശുദ്ധഗതിക്കാരും ഇടതുപക്ഷ വിശ്വാസികളുമായവരുടെ മനസിലേയ്ക്ക് ചില സംശയങ്ങളുടെ വിത്തിടാനും പിന്നീട് പാകത്തിന് വളര്‍ത്തി വിഷവൃക്ഷമാക്കാനും പ്രത്യേക പാടവമുണ്ട്. തങ്ങളുടെ പ്രതിഭയും സിദ്ധിയും മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ സഹതാപം പിടിച്ചുപറ്റുക വഴി അപകര്‍ഷതാബോധത്തിന്‍റെ ആഴങ്ങള്‍ താണ്ടാന്‍ ശ്രമിക്കും പെരും നുണകളെ പോക്കറ്റടിക്കാരനെ വെല്ലുന്ന മികവോടെ മനസുകളില്‍ വിതറും.- എയ്ഡ്സിന്‍റെ രോഗാണുക്കളെ സിറിഞ്ചുകളിലാക്കി മനുഷ്യ ശരീരത്തില്‍ കുത്തിവയ്ക്കുന്ന ചിലരെക്കുറിച്ച് മനശാസ്ത്രജ്ഞമാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കമലിന്‍റെ ഗദ്ദാമ എന്ന സിനിമയില്‍ ഒരു കഥാപാത്രം പറയുന്ന ഡയലോഗുണ്ട്. കഥയും നോവലും എഴുതി തോല്‍വിയടഞ്ഞവരാണ് ജേണലിസ്റ്റുകളാകുന്നതെന്ന് ഭാവനയുടെ ലോകത്ത് സമ്പന്നരായ പത്രക്കാരുടെ നാടുകൂടിയാണിന്ന് നമ്മുടെ സുന്ദരകേരളം, 11 ടിവി ചാനലുകളാല്‍ സമൃദ്ധമായ കേരളത്തിലെ 40 ലക്ഷം വീടുകളില്‍ ഇന്ന് ചാനലവതാരകരും, റിപ്പോര്‍ട്ടര്‍മാരും പകുതിമറച്ച ക്യാമറദൃശ്യങ്ങളും ചേര്‍ന്ന് പുതിയെരു ലോകം സൃഷ്ടിക്കുന്നു. ഈ വലിയ ലോകത്തേയ്ക്ക് ഭാവനാസൃഷ്ടികളായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ത്രില്ലിലാണ് പുതിയ മാധ്യമ പ്രവര്‍ത്തകര്‍. പ്രഭവകേന്ദ്രം അജ്ഞാതമായി തുടരുമ്പോഴും പാവം മലയാളികളുടെ മനസ്സില്‍ വിഷം പടര്‍ത്തിയിരിക്കും. നാട്ടിന്‍പുറങ്ങളിലെ ചായക്കടകളിലും, ബസ് സ്റ്റോപ്പുകളിലും നുണവ്യാപാരം നടത്തിയിരുന്നവരുടെ പുതിയ എഡിഷനുകളായി ആഗോളവല്‍ക്കരണകാലത്തെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ മാറിയിരിക്കുന്നു. നാണംകെട്ടും പണമുണ്ടാക്കി നാണക്കേടിനെ തീര്‍ക്കാന്‍ തുനിഞ്ഞവര്‍ ഇന്ന് മലയാളത്തില്‍ തന്നെയുണ്ടല്ലോ പണംപറ്റി വാര്‍ത്ത സൃഷ്ടിക്കുന്ന പെയ്ഡ് ജേര്‍ണലിസ്റ്റുകള്‍ തങ്ങളെ സഹായിച്ചുവെന്ന് കേന്ദ്രമന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യാന്‍ ആത്മാഭിമാനം ഉണ്ടായ എത്രപേരുണ്ട്. കേരളത്തില്‍ പണം വാങ്ങാന്‍ തയ്യാറായി ഞങ്ങള്‍ നില്‍ക്കുന്നുവെന്ന് മറ്റൊരു പരസ്യവാചകമായി അതിനെ സ്വീകരിച്ച മാധ്യമ കേസരികള്‍ തീര്‍ച്ചയായും മാധ്യമപ്രവര്‍ത്തനത്തിനു നല്‍കുന്ന നിര്‍വ്വചനം അപമാനകരമാണ്.

ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റ് വിരുദ്ധാക്രമണങ്ങള്‍ക്ക് സാമ്രാജ്യത്വം നേതൃത്വം നല്‍കുമ്പോള്‍ പശ്ചാത്തലമൊരുക്കാന്‍ മാധ്യമങ്ങളെയും മതങ്ങളെയും കൂട്ടുപിടിച്ച ചരിത്രം മുന്നിലുണ്ട്. കേരളത്തില്‍ വിമോചന സമരം അരങ്ങു തകര്‍ക്കുമ്പോള്‍ തിരക്കഥ തയ്യാറാക്കപ്പെട്ടത് എവിടെയായിരുന്നുവെന്ന് സി.ഐ.എയുടെ പരസ്യമാക്കപ്പെട്ട രഹസ്യങ്ങള്‍ വിശദീകരിക്കുന്നു. വിമോചനസമരം അപ്രതീക്ഷിതമായി ലോകരാഷ്ട്രീയ രംഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സൃഷ്ടിച്ച ഒരു നടുക്കത്തിന്‍റെ സൃഷ്ടിയായിരുന്നു. ലോകം ചുവന്നു തുടങ്ങിയ 40 കളിലും 50 കളിലും ജനാധിപത്യ വ്യവസ്ഥയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരമേറിയ കേരളം ജനാധിപത്യരാഷ്ട്രത്തിലെ സംസ്ഥാനമാണെന്നത് വൈറ്റ് ഹൗസിനെ അലോസരപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ചൈനീസ് റഷ്യന്‍ സാമീപ്യം, കേരളമെന്ന പ്രവണത ഇന്ത്യയിലാകെ പടര്‍ന്നാലുണ്ടാകുന്ന രാഷ്ട്രീയ പ്രകമ്പനങ്ങള്‍ ഇവ കേരളത്തിലിടപെടുന്നതിന് കാരണമായി. അമേരിക്കന്‍ ഇടപെടലെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കണ്ണുതുറക്കുമ്പോഴെല്ലാം പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ സൃഷ്ടാക്കള്‍ക്കു മുന്നില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ എച്ച് ഡള്ളസ് പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞു. "ഇന്ത്യയിലും ഇന്തോനേഷ്യയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ അപകടകരമായ സൂചനകളാണ്. കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ അധികാരത്തിലെത്തുമ്പോഴെല്ലാം അതില്‍ അപകടം ഉണ്ട്". സി.ഐ.എ. വഴി ഇറാനിലും, ചിലിയിലും, ഗ്വാട്ടിമാലിയിലും ഒക്കെ നടത്തിയ അട്ടിമറികള്‍ ചരിത്ര വസ്തുതകളായി രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ മുന്നിലുണ്ട്.

ചിലിയില്‍ 1950മുതല്‍ തുടര്‍ന്ന നിഴല്‍യുദ്ധം കാല്‍നൂറ്റാണ്ടോളം നീണ്ടു. ചിലിയിലെ ജനാധിപത്യഘടനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ മുന്നേറ്റം തകര്‍ക്കാന്‍ ആദ്യം ചെയ്തത് വലതുപക്ഷകക്ഷിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ വിലക്കെടുക്കുകയായിരുന്നു. റേഡിയോസ്റ്റേഷനുകളില്‍നിന്നും സംപ്രേക്ഷണം ചെയ്തവാര്‍ത്തകള്‍ സി.ഐ.എ കേന്ദ്രങ്ങള്‍ തയ്യാറാക്കി നല്‍കിയതായിരുന്നു. ചിലിയിലെ ഏറ്റവുമധികം സര്‍ക്കുലേഷനുള്ള എല്‍മെര്‍ക്കറി എന്ന പത്രത്തിന് 15 ലക്ഷം ഡോളര്‍ നല്‍കിയെന്ന് സി.ഐ.എ പിന്നീട് പ്രസിദ്ധീകരിച്ച രേഖകള്‍തന്നെ വ്യക്തമാക്കുന്നു. ഒടുവില്‍ 1973 സെപ്തംബര്‍ 11 ന് അലന്‍ണ്ടയെ കൊലചെയ്തുകൊണ്ട് സി.ഐ.എ തങ്ങളുടെ പദ്ധതി പൂര്‍ത്തിയാക്കി.

സ്വിറ്റ്സര്‍ലാണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ധാര്‍മ്മിക പുനരുദ്ധാരണ പ്രസ്ഥാനം (മോറല്‍ റീ ആര്‍മെന്‍റ്) ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റിനെതിരായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആധികാരിക തെളിവുകള്‍ ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. ഫ്രാങ്ക് ബുക്ക്മാന്‍ എന്ന മതപ്രഭാഷകന് വെളുപ്പാന്‍ കാലത്ത് ഉണ്ടാകുന്ന ദൈവവിളിയും തുടര്‍ന്ന് ദൈവവുമായി നടക്കുന്ന ഡയലോഗുകളുമാണ് പ്രസ്ഥാനത്തിന്‍റെ അടിത്തറ ആകര്‍ഷകമായ സംഭാഷണശെലിയും ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള അവതരണശൈലിയും മാനറിസങ്ങളും അനുഭാവികളെ നേടിക്കൊടുത്തു. പരിപൂര്‍ണ്ണ സത്യസന്ധത, പരിശുദ്ധി, നിസ്വാര്‍ത്ഥത, സ്നേഹം തുടങ്ങിയവ ഉറപ്പുവരുത്തി വ്യക്തികളെ ശുദ്ധീകരിക്കാനുള്ള ഉപായങ്ങള്‍ ദൈവം എന്നും വെളുപ്പാന്‍ കാലത്ത് ഇദ്ദേഹത്തിന് പറഞ്ഞുകൊടുക്കുമായിരുന്നുവെത്രെ. അങ്ങനെ ദൈവം ഉപദേശിച്ച ഒന്നായിരുന്നു കമ്മ്യൂണിസത്തിനെതിരായ സമരം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊള്ളയെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തി ശുദ്ധിയില്ലാത്തവരുടെ കൂട്ടമെന്നും ബുക്ക്മാന്‍റെ അനുയായികള്‍ പ്രചരിപ്പിച്ചു. മറ്റുള്ളവരില്‍ (മാത്രം) സത്ഗുണങ്ങള്‍ കാംക്ഷിക്കുന്ന സദാചാര സംരക്ഷകരും ആത്മവഞ്ചനകളുടെ പ്രതീകങ്ങളായ കുറെ ആളുകളും കേരളത്തിലെ ഈ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചു. പാര്‍ട്ടിയിലെ ചിലരെയെല്ലാം ഉദാഹരണങ്ങളാക്കി കഥകള്‍ ചമച്ച് പ്രചരിപ്പിച്ചു.

കേരളത്തില്‍ നിന്നു വിമോചനസമരകാലത്ത് څ'കോ'چ വിലെ (സ്വിറ്റ്സര്‍ലണ്ടിലെ 'കോ' എന്ന പട്ടണമായിരുന്നു എം.ആര്‍.എ യുടെ ആസ്ഥാനം) ഫ്രാങ്ക് ബുക്ക്മാന്‍റെ സവിധത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയ എത്രയെത്ര നേതാക്കള്‍, മന്നത്ത് പത്മനാഭന്‍, പി.ടി. ചാക്കോ, സി.എച്ച്. മുഹമ്മദ് കോയ, ഫാദര്‍ വടക്കന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ വത്തിക്കാനിലെത്തിയപ്പോള്‍ മന്നത്ത് പത്മനാഭനെ മാധ്യമങ്ങള്‍ പുകഴ്ത്തിയത് ഭാരത കേസരി ഇതാ വിശ്വകേസരിയാകാന്‍ പോകുന്നു എന്നാണ്. കേരളത്തിലെ മാധ്യമങ്ങളും കോ നല്‍കിയ ആതിഥേയത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനെതിരായി തൂലികയില്‍ വിഷം നിറച്ചു. 1961-ല്‍ ബ്രസീലില്‍ നടന്ന ങഞഅ സമ്മേളനത്തില്‍ പ്രഭാഷകനായ കെ.എം.ചെറിയാന്‍ (മനോരമ) ഇങ്ങനെയാണ് പറഞ്ഞത്.

കേരളം കമ്മ്യൂണിസത്തിനു നഷ്ടമായാല്‍ ഇന്ത്യയും നഷ്ടപ്പെടും. ഇന്ത്യ നഷ്ടപ്പെട്ടാല്‍ റഷ്യയും ചൈനയും ലോകത്തെ കീഴടക്കും. കമ്മ്യൂണിസത്തിനെതിരായ സമരത്തിന് ഏറ്റവും പറ്റിയ മണ്ണ് കേരളമാണ്. ധാര്‍മ്മിക പുനരുദ്ധാരണ പ്രസ്ഥാനത്തിനായി എന്‍റ പത്രവും സമ്പത്തും ഇതാ സമര്‍പ്പിക്കുന്നു.

വിമോചന സമരകാലത്ത് കേരളത്തിലെ പത്രങ്ങളുടെ ആകെ സര്‍ക്കുലേഷന്‍ 12,000 ആയിരുന്നു. ഇന്ന് 35 ലക്ഷം കോപ്പികള്‍. വാര്‍ത്താദൃശ്യങ്ങള്‍ 11 ടിവി ചാനലുകളിലൂടെ 40 ലക്ഷം കുടുംബങ്ങളിലേയ്ക്ക് ഇടതുപക്ഷ വിരുദ്ധതയെ മൂലധനത്തോടൊപ്പം മുറുകെ പിടിക്കുന്ന മാധ്യമ സംസ്കാരത്തിനെതിരായ സമരം കൂടിയാണ് ഏപ്രില്‍ 13 ന് നടന്ന തെരെഞ്ഞടുപ്പ്.

കേരളത്തില്‍ ഉരുത്തിരുഞ്ഞു വന്ന ഒരു രാഷ്ട്രീയ ചിത്രമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അവതരിപ്പിച്ച അഞ്ചാമത് ബഡ്ജറ്റ് നല്‍കിയ സന്ദേശം കേരള ജനതയ്ക്ക് വളരെ വേഗത്തില്‍ ഗ്രാഹ്യമായി എല്ലാ ജനവിഭാഗങ്ങളോടും സമീപനം കൊണ്ട് അടുത്തു നിന്ന ഗവണ്‍മെന്‍റിനെയും ഇടതുമുന്നണിയെയും അകന്നു നിന്ന ജനവിഭാഗങ്ങള്‍ പോലും സ്വീകരിച്ചു തുടങ്ങി. ജാതി മത സാമുദായിക ശക്തികളുടെ മോഹവലയത്തില്‍ നിന്നും ഭൗതിക യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് മലയാളികള്‍ ഉണര്‍ന്നെഴുന്നേറ്റു. പ്രകടമായ ഈ രാഷ്ട്രീയ മാറ്റത്തിന്‍റെ ഘട്ടത്തിലാണ് എല്ലാ മുഖംമൂടികളും മാറ്റി വലതുപക്ഷ രാഷ്ട്രീയ ജീര്‍ണ്ണതകള്‍ പുറത്തുവന്നത്. വലതുപക്ഷ അലമാരകളില്‍ നിന്നു തന്നെ പുറത്തു ചാടിയ അസ്ഥിപഞ്ജരങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വ്യക്തമായ ധ്രുവീകരണം തന്നെ സാധ്യമാക്കി. മുന്നില്‍ നില്‍ക്കുന്നത് ജനക്ഷേമത്തിന്‍റെയും സംശുദ്ധ രാഷ്ട്രിീയത്തിന്‍റെയും വെണ്‍മയാര്‍ന്ന ചിത്രം മറുഭാഗത്ത് അഴിമതിയുടെയും സംസ്കാരിക ജീര്‍ണ്ണതകളുടെയും പുഴുക്കുത്ത വീണ കറുത്ത ചിത്രം ഭൂതകാല നിലപാടുകളില്‍ നിന്നും വിമുക്തമായി ഇടതുപക്ഷത്തിന് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും തുടര്‍ഭരണമേകണമെന്ന നിലപാട് ഏവര്‍ക്കും ബോധ്യമാകുന്ന തരത്തില്‍ രാഷ്ട്രീയ കേരളത്തിലെ ചുവരുകളില്‍ തെളിഞ്ഞുവന്നു.

ഇവിടെനിന്നാണ് അറ്റ കൈപ്രയോഗമുള്‍പ്പെടെയുള്ള കുതന്ത്രങ്ങളുടെ അരങ്ങൊരുങ്ങിയത്. ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ശബ്ദം നിര്‍വീര്യമാക്കാന്‍ ബംഗാളിലെയും, കേരളത്തിലെയും കമ്മ്യൂണിസ്റ്റ് നേത്യത്വത്തിലുള്ള സര്‍ക്കാരുകളെ അവസാനിപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കിയ വാഷിംഗ്ടണ്‍ ഗാഥകള്‍ രേഖകളും തെളിവുകളുമായി നമ്മുടെ മുന്നിലുണ്ട്. വൈകി കിട്ടിയ വീക്ക്ലീക്സ് രേഖകള്‍ സാമ്രാജ്യത്വ ഇടപെടലുകള്‍ എത്രമാത്രം ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസും വലതുപക്ഷ, രാഷ്ട്രീയത്തിന്‍റെ ജിഹ്വകളായ മാധ്യമങ്ങളും സമുദായ സംഘടനാ നേതൃത്വങ്ങളും പിന്നീടാരംഭിച്ചത് മനഃശാസ്ത്രയുദ്ധമായിരുന്നു. പരസ്യമായ എതിര്‍പ്പ് ഇടതുപക്ഷ പിന്തുണ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ നിഴല്‍ യുദ്ധമാണ് സ്വീകരിച്ചത്. വിമോചന സമരം നിലവില്‍ വന്ന സര്‍ക്കാരിനെതിരായ ജനാധിപത്യ വിരുദ്ധ കലാപമായിരുന്നു. എന്നാല്‍ ഇടതുപക്ഷ തുടര്‍സര്‍ക്കാര്‍ എന്ന സാധ്യതയെ തന്നെ ഇല്ലാതാക്കാനുള്ള ജനാധിപത്യവിരുദ്ധ കൂട്ടായ്മക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. വാര്‍ത്താതമസ്കരണങ്ങളും ഭാവനയില്‍ വിരിഞ്ഞവയുടെ വാര്‍ത്താരൂപങ്ങളു മലയാളികളേറെ കണ്ടു. സൂക്ഷ്മ ന്യൂനപക്ഷം നിര്‍ണ്ണായകമാകുന്ന തെരെഞ്ഞെടുപ്പില്‍ ജയിക്കുന്ന പക്ഷം ചേരുന്ന ചെറുപക്ഷത്തെ സ്വന്തം പക്ഷത്തു ഉറപ്പിക്കാന്‍ സംഘടിപ്പിക്കപ്പെട്ട സര്‍വ്വേകളുടെ അപഹാര കാലം കൂടിയായിരുന്നു തെരെഞ്ഞെടുപ്പുകാലം.

5 മുതല്‍ 10% വരെ ജയിക്കുന്ന മുന്നണിക്ക് വോട്ടുചെയ്യാനിടയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോള്‍ കേരളത്തില്‍ ഏറ്റവും കുറഞ്ഞത് 5% വോട്ടര്‍മാരെയെങ്കിലും സ്വാധീനിക്കാനായാല്‍ 12 ലക്ഷത്തോളം വോട്ടര്‍മാരെ സ്വാധീനിക്കാനുതകുന്ന യു.ഡി.എഫ് പ്രചരണമായിരുന്നു സര്‍വ്വെക്കളുടെ പിന്നിലുള്ളത്. ശാസ്ത്രീയതയുടെ പിന്‍ബലമില്ലാത്ത അബദ്ധപഞ്ചാംഗങ്ങളായിരുന്നു സര്‍വ്വെകള്‍ എന്ന് വിമര്‍ശനം ഉയര്‍ന്നു. ഉറവിടം വെളിവേക്കേണ്ടതില്ലാത്ത വാര്‍ത്താരചനപോലത്തെ അഭ്യാസമായിരുന്നു ആധീകാരികത വ്യക്തമാക്കാത്ത സര്‍വ്വെ തിരക്കഥയും.

സി.ബി.ഐ ആസ്ഥാനത്തു നിന്നും കോഴിക്കോട്ടെ പത്രം ഓഫീസിലേയ്ക്ക് നീങ്ങുന്ന ഹോട്ട്ലൈനുണ്ട് എന്ന് തോന്നിപ്പിക്കുന്ന വാര്‍ത്താപരമ്പരകള്‍, മുഖ്യമന്തിയ്ക്കും മക്കള്‍ക്കുമെതിരായി വാര്‍ത്തകളുടെ പെരുമഴകള്‍, വ്യക്തിഹത്യകള്‍, എന്തെല്ലാമാണ് മാധ്യമങ്ങള്‍ മലയാളിയ്ക്ക് ഈ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്

തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ പ്രചരണപത്രിക സംബന്ധിച്ച വിശകലനം എന്തുകൊണ്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷമായില്ല എന്ന ചോദ്യം പ്രസക്തമാണ്. ബംഗാള്‍-കേരളം എന്ന ഒറ്റ പാക്കേജ് ഇടതുപക്ഷവിരുദ്ധ മാധ്യമ ഭീകരാക്രമണമാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. ഹെലികോപ്റ്റര്‍ വിവാദം കത്തിയുയര്‍ന്നപ്പോള്‍ ബുദ്ധദേവ് ബംഗാളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുവെന്ന തരംതാണ പ്രതിരോധത്തിനാണ് മാധ്യമങ്ങള്‍ മുതിര്‍ന്നത്. ബൈക്കിനുപുറകില്‍ സഞ്ചരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ചിത്രം പ്രസിദ്ധീകരിച്ച് ഹെലികോപ്റ്റര്‍ വിവാദത്തെ മറികടക്കാന്‍ മാധ്യമമാന്ത്രികര്‍ തയ്യാറായി. പ്രത്യേക ലേഖകനെ ബംഗാളിലേക്കയച്ച് കോഴിക്കോട്ടത്തെ സോഷ്യലിസ്റ്റ് പത്രവും ആസ്ഥാനവിദ്വാനെക്കൊണ്ട് പരമ്പര എഴുതിച്ച് കോട്ടയം പത്രവും തങ്ങളുടെ രാഷ്ട്രീയ യജമാനന്‍മാരെ തൃപ്തിപ്പെടുത്തി. കേരളത്തിലെ ജാതീയസമവാക്യങ്ങളെ ആളിക്കത്തിച്ച് വര്‍ഗ്ഗീയവികാരം അരക്കെട്ടുറപ്പിക്കാന്‍ മാധ്യമങ്ങള്‍ തുനിഞ്ഞത് മാപ്പില്ലാത്ത അപരാധമായി ചരിത്രത്തില്‍ രേഖപ്പെടുത്തി. മുന്‍ മന്ത്രി കാരാഗ്രഹവാസത്തിന് വിധേയനായത് സമുദായസേവനം നടത്തിയിട്ടായിരുന്നു എന്ന് തോന്നുന്നതരത്തിലാണ് വാര്‍ത്തകള്‍ അവതരിച്ചത്. റൗഫിന്‍റെ വെളിപ്പെടുത്തിനെ തുടര്‍ന്ന് നടന്ന അന്വേഷണം സമുദായത്തിന് എതിരായ നീക്കമെന്ന് വിശേഷിപ്പിച്ചു. ഉദ്ദിഷ്ടകാര്യ ലബ്ദിക്കായി സാമുദായികത ആളിക്കത്തിക്കുന്ന മാധ്യമതന്ത്രത്തിനെതിരായി മതനിരപേക്ഷിത കേരളം പ്രതികരിക്കേണ്ടതുണ്ട്. സി.പി.ഐ.എംല്‍ പ്രവര്‍ത്തിച്ചാല്‍ ശവമടക്ക് പാര്‍ട്ടി ഓഫീസ് വളപ്പിലായിപോകുമെന്ന പരിതാപത്തിന് മേമ്പൊടിയായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ചിത്രംകൂടിയായപ്പോള്‍ ഉള്ളിലിരിപ്പു വെളിവായി.

വാര്‍ത്താ തമസ്ക്കരണവും മാധ്യമ ധര്‍മ്മംതന്നെയെന്ന് ഇക്കൂട്ടര്‍ തെളിയിച്ചു. പാമോയിലിന്‍ കേസിലെ തുടരന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി തീരുമാനം മാന്ത്രികന്‍റെ കൈയടക്കത്തോടെയാണ് മറച്ചുപിടിച്ചത്. വിശ്വാസ വോട്ട് നേടാന്‍ പ്രധാനമന്ത്രി 60 കോടിരൂപ സതീഷ്ശര്‍മ്മ എം.പിവഴി എം.പിമാര്‍ക്ക് നല്‍കിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ മറച്ചുവച്ച് യു.ഡി.എഫിന് തലവേദന ഒഴിവാക്കി. രണ്ട് രൂപയ്ക്കുള്ള അരി നിരോധനത്തിനിടയാക്കിയത് ഇലക്ഷന്‍ കമ്മീഷനും കോണ്‍ഗ്രസ്സ് എം.എല്‍.എ നല്‍കിയ പരാതിയാണെന്നതിനെ കുറിച്ച് നിശബ്ദത പാലിച്ചു. ഹരിപ്പാട്ടെ മൂത്രാഭിഷേകം കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഭാവനയില്‍ ജനിച്ച സംഭവമെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടു. മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ്സ് കഥ അതേപടി വിളമ്പിയ മാധ്യമങ്ങള്‍ ഹരിപ്പാട്ടെ ജനങ്ങളുടെയങ്കിലും മനസ്സില്‍ സൃഷ്ടിക്കുന്ന വികാരം വെറുപ്പാല്ലാതെ മറ്റൊന്നാകാന്‍ തരമില്ല. സി.പി.എം. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി ഇളിഭ്യരായവര്‍ വീണിടം വിദ്യയാക്കി പ്രശസ്തി എന്ന വാക്കിന്‍റെ നാനാര്‍ത്ഥം ചികഞ്ഞ മാധ്യമ പണ്ഢിതര്‍ അപമാനത്തിലാണ് എത്തിയത്. മുഖ്യമന്ത്രിക്കെതിരായ ആക്രമണം നടത്താന്‍ സാംസ്ക്കാരിക നായകരെ അണിനിരത്തി. മുഖപ്രസംഗം വഴി പ്രശസ്തി എന്ന വാക്കിനെതിരെ ആക്രോശിച്ച പത്രവും ഉണ്ട് കൂട്ടത്തില്‍. ഉച്ഛരിക്കപ്പെട്ട വാക്കുകളെ അച്ചടിക്കുന്ന വാക്കുകളാല്‍ വികൃതമാക്കുകയായിരുന്നു തെരഞ്ഞെടുപ്പുകാലത്തെ മലയാള മാധ്യമങ്ങള്‍. യു.ഡി.എഫ് നോട്ടീസിന്‍റെ നിലവാരത്തിലായിരുന്നു പലദിവസങ്ങളിലും പത്രങ്ങള്‍ വായനക്കാരുടെ മുന്നിലെത്തിയിരുന്നത്. 93 വയസ്സുള്ള മുഖ്യമന്ത്രി വേണോ എന്ന ബാലിശമായ ചോദ്യം വെണ്ടക്കാതലക്കെട്ടോടെ അവതരിപ്പിച്ചു. ഉരുളയ്ക്ക് ഉപ്പേരികിട്ടിയപ്പോള്‍ നിശബ്ദത പൂണ്ടു.

ചുരുക്കത്തില്‍ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധികാര അവകാശങ്ങളെക്കുറിച്ച് ഒരുപിടി ചോദ്യങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് തെരഞ്ഞെടുപ്പ് അവസാനിച്ചത്. ജനാധിപത്യ വ്യവസ്ഥയുടെ നാലാം തൂണും പുഴുകുത്തുകളാല്‍ ലോകഗ്രസ്ഥമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മറപിടിച്ച്, ഉറവിടം വെളിപ്പെടുത്തേണ്ടതില്ലാത്ത അവകാശത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത മാധ്യമ സംസ്ക്കാരത്തെ കളങ്കപ്പെടുത്തുന്നതാണ്. വിശ്വാസ്യത നഷ്ടപ്പെട്ട മാധ്യമലോകം ജനാധിപത്യ വ്യവസ്ഥയുടെ ദുരന്തപൂര്‍ണ്ണമായ അധ്യായമായിരിക്കും.

സ്വദേശാഭിമാനിയുടെ നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ മാന്യതയുടെയും മര്യാദയുടെയും സീമകള്‍ ലംഘിച്ചപ്പോഴാണ് കേരള മുഖ്യമന്ത്രിയ്ക്ക് മാധ്യമ ക്വട്ടേഷന്‍ സംഘം എന്ന് മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിക്കേണ്ടി വന്നത്. മലയാളി സമൂഹത്തിന്‍റെ മനസമ്മതത്തെ സ്വാധീനിക്കാന്‍ മത- സാമുദായിക- മാധ്യമ മുന്നണിക്കായോ എന്നത് ചോദ്യം ഏറെ നിര്‍ണ്ണായകമാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ജീര്‍ണ്ണവും നിക്ഷിപ്തവുമായ താല്‍പര്യങ്ങള്‍ക്കായി പരസ്യങ്ങളും വാര്‍ത്തകളും ഒന്നായിത്തീരുന്ന മാധ്യമ സംസ്ക്കാരത്തിന്‍റെ അപചയത്തെ കേരളം എങ്ങനെയാണ് നേരിട്ടത് എന്നറിയാന്‍ കുറച്ചുനാളുകളുടെ കാത്തിരിപ്പു മാത്രമേ ആവശ്യമാകുന്നുള്ളൂ.
Share on Google Plus Share on Whatsapp

0 comments :

Post a Comment