Ads

ഭാഷയുടെ രാഷ്ട്രീയം

ഭ്രമങ്ങള്‍ക്കു വിധേയനാകുന്ന വ്യക്തി അയാള്‍ അവകാശപ്പെടുന്നപോലെ കാഴ്ചകള്‍ കാണുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റൊരാളും അതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. അയാളുടെ തലക്കുപുറത്തുള്ള ബാഹ്യലോകത്തിലെ യഥാര്‍ത്ഥ സംഭവങ്ങളല്ല. മറിച്ച് അയാളുടെ മനസ്സിലെ സംഭവമോ അവസ്ഥകളോ അയാളുടെ ദൃശ്യ-ശ്രാവ്യ നാസികകളെ ബാധിക്കുന്നത് വഴിയാണ് അവ ഉണ്ടാകുന്നത്. അയാള്‍ക്ക് ഇത്തരം പിശകുകളെ തിരിച്ചറിയാനാവില്ല. ഏറ്റവും വേഗത്തിലുള്ള പരിഹാരം സമൂഹത്തിനാണ് നല്‍കാനാവുന്നത്. പുരാവസ്തു വിജ്ഞാനീയമേഖലയില്‍ അപ്രമാദിത്വം തെളിയിച്ച ചരിത്രകാരന്‍ കൂടിയായ ഗോര്‍ഡ ചൈല്‍ഡ് തന്‍റെ പ്രസിദ്ധമായ 'സമൂഹവും അറിവും' എന്ന പുസ്തകത്തിലൂടെ പങ്കുവക്കുന്ന ആശയമാണിത്. ഭ്രാമാത്മക ലോകത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തിയുടെമേല്‍ സമൂഹം നടത്തേണ്ട ഇടപെടലുകളുടെ സ്വഭാവം അദ്ദേഹം വിശദീകരിക്കുന്നില്ല.

ഭൂതകാലത്തെ വിഗ്രഹവല്‍ക്കരിക്കാനുള്ള ത്വരയെക്കുറിച്ചാരോ പറഞ്ഞിട്ടുണ്ട്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും കാലം കടഞ്ഞുകളഞ്ഞ പഴയകാല ആഢ്യത്വങ്ങളില്‍ അഭിരമിക്കുന്ന ഒരു കൂട്ടരെ നമുക്ക് കാണാനാവും. സാഹിത്യലോകത്തും ഉന്നതോദ്യോഗസ്ഥ ശ്രേണികളിലുമൊക്കെ ഈ അപൂര്‍വ്വ ജനുസുകള്‍ മുഖംമൂടിയില്ലാതെ വര്‍ത്തമാനം പറയുന്നത് കേള്‍ക്കാം. എന്നാല്‍ രാഷ്ട്രീയരംഗത്തും ഭൂതകാലത്തെ നഷ്ടസൗഭാഗ്യങ്ങളില്‍ അഭിരമിക്കുകയും ഭ്രമിപ്പിക്കുന്ന ആ കാലത്തിന്‍റെ തടവുകാരായി ജീവിക്കുകയും ചെയ്യുന്നവരുണ്ടെന്ന് വര്‍ത്തമാനകാലകേരളം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തറവാട്ടുമുറ്റത്തെ ആനകളുടെ എണ്ണത്തിലും ചെല്ലം ചുമക്കുന്ന,എന്തിനുംപോന്ന വാല്യക്കാരുടെ കൂറിലും അഭിമാനിക്കുന്നവര്‍ക്ക് ജനാധിപത്യവും രാഷ്ട്രീയവും മുഖംമൂടി അണിഞ്ഞാടാനുള്ള ഇടങ്ങളാണ്. മലയാളികളുടെ രാഷ്ട്രീയബോധത്തിന്‍റെ മാറ്റുരക്കുന്ന രാഷ്ട്രീയമണ്ഡലത്തില്‍ ഇവര്‍ നിസാരരല്ല. എവിടെയിരുന്നും അധികാരം നിയന്ത്രിക്കുന്നവരാണെന്നത് രാഷ്ട്രീയ കേരളത്തിന്‍റെ ദുര്യോഗങ്ങളിലൊന്നാണ്.

വ്യക്തിയുടെ വാക്കും ഭാഷയും സംസ്കാരത്തെയും മനസിനെയും പ്രകാശിപ്പിക്കുന്നു. വ്യക്തി, പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുമ്പോള്‍ അയാളുടെ ഭാഷ, പ്രസ്ഥാനത്തിന്‍റേതുകൂടിയാകുന്നു. ആത്മസംഘര്‍ഷങ്ങളുടെയും അവനവ നോടുള്ള സമരങ്ങളുടേയും സൃഷ്ടികൂടിയാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍. ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും പിറവികൊണ്ട സാമൂഹികാന്തരീക്ഷത്തിന്‍റെ പുറന്തോടു പൊളിച്ചു പുറത്തുവരുന്നവര്‍ ചരിത്രത്തിലുടനീളം ജീവിക്കും. അങ്ങനെ ഉയര്‍ന്ന ചിന്തയുടെ ചക്രവാളങ്ങളിലേക്ക് തലനിവര്‍ത്തിയ എത്ര വിശ്വപൗരന്‍മാര്‍ക്ക് കേരളം ജന്‍മം നല്‍കിയിട്ടുണ്ട്.

കണ്ടല കുടിപ്പള്ളിക്കുടത്തിന്‍റെ മുറ്റത്തുനിന്നും അയ്യന്‍കാളി പ്രകടിപ്പിച്ച ക്ഷോഭമാണ് കേരളത്തിലെ ആദ്യ കര്‍ഷക തൊഴിലാളി പണിമുടക്കമായി പരിണമിച്ചത്. പഞ്ചമി എന്നു പേരുള്ള അധഃസ്ഥിത ബാലികയ്ക്ക് പള്ളിക്കൂടത്തില്‍ പഠിക്കാനിടം കിട്ടാതെ വന്നപ്പോള്‍ പൊട്ടിത്തെറിച്ച അയ്യങ്കാളിക്ക്, പഞ്ചമിക്ക് പഠിക്കാനനുവാദം നേടാനായി. പക്ഷേ പള്ളിക്കൂടത്തിനു തീയിട്ടുകൊണ്ടാണ് സവര്‍ണ്ണ പ്രമാണിമാര്‍ പ്രതികരണം രേഖപ്പെടുത്തിയത്. ചാന്നാര്‍ സ്ത്രീകള്‍ക്ക് മുലമറയ്ക്കാന്‍ ബ്രിട്ടീഷ് രാജ്ഞി അനുവാദം നല്‍കിയപ്പോഴും മേലാളര്‍ കനിഞ്ഞില്ല. ചാന്നാര്‍ ലഹളക്കിടയാക്കിയത് ഇതാണ്. നവോത്ഥാനധാരയിലൂടെ വികസിച്ച സാമൂഹ്യ ഹൃദയമാണ് കേരളത്തിനുള്ളത്. ജാതിമേധാവിത്വം ആധീശത്വമുറപ്പിച്ച ജന്‍മി-നാടുവാഴി വാഴ്ചക്കെതിരായ മുന്നേറ്റം കൂടിയാണ് കേരള ചരിത്രം. നവോത്ഥാന ആശയങ്ങളെ ഭൗതികശക്തിയാക്കി പരിവര്‍ത്തനം ചെയ്തത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.

കമ്മ്യൂണിസ്റ്റ് ആശയങ്ങളെ, മലയാളി മനസിലെത്തിക്കാനുതകുന്ന കുറേ സാഹിത്യ സൃഷ്ടികളുണ്ടായി. ജീവിത നൊമ്പരങ്ങളില്‍ നിന്നും ചീന്തിയെടുത്ത അത്തരം സൃഷ്ടികള്‍ മലയാളിയുടെ ബോധത്തില്‍ കൊടുങ്കാറ്റുയര്‍ത്തി. ജന്മിത്വ വാഴ്ചയുടെ കെടുതികള്‍ പ്രമേയമായ കെ. ദാമോദരന്‍റെ 'പാട്ടബാക്കി' ജന്‍മിത്വത്തെ വിറപ്പിച്ചു. കെ.പി.ആര്‍. ഗോപാലനും, എ.കെ.ജി.യും കെ. ദാമോദരനുമൊക്കെ 'പാട്ടബാക്കി' രംഗത്താവിഷ്ക്കരിക്കുന്നതില്‍ പങ്കാളികളായി. അതിനുമുമ്പ് 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' എന്ന പ്രഹസനം യാഥാസ്ഥിതികത്വത്തെ ഞെട്ടിച്ചുകൊണ്ട് രംഗത്തവതരിപ്പിക്കപ്പെട്ടു. ചെറുകാടിന്‍റെ രാഷ്ട്രീയ നാടകങ്ങളും ശ്രദ്ധേമായി. 1950ല്‍ കെ.പി.എ.സി.യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' കമ്മ്യൂണിസം പ്രതിനിധാനം ചെയ്യുന്ന മാനവികതയും സമത്വദര്‍ശനവും മലയാളിയെ പരിചയപ്പെടുത്തിക്കൊണ്ട് വലിയ ചലനം സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റാശയത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും വര്‍ദ്ധിച്ചുവരുന്ന വിശ്വാസ്യതയില്‍ പ്രകോപിതരായി 'സഖാവിന്‍റെ ബ്ലീച്ച്' എന്ന ആഭാസസൃഷ്ടിക്ക് ജന്‍മിത്വ പക്ഷപാതികള്‍ ജന്മം നല്‍കി.

കമ്മ്യൂണിസ്റ്റാശയങ്ങളെ പരിഹസിക്കുന്ന ആഭാസ രചനകള്‍കൊണ്ടാണ് അവര്‍ എല്ലാത്തിനെയും എതിരിട്ടത്. ഓക്കാനപ്രസ്ഥാനം, കൊഞ്ഞാണത്തു പാച്ചന്‍ അഥവാ മുറ്റത്തെ മുല്ല, മന്ദന്‍റെ മകന്‍, പൊക്കിയുടെ മകള്‍ അഥവാ വിപ്ലവ സപ്ലൈ, കമ്മ്യൂണിസപ്ലേഗ് തുടങ്ങിയ പേരുകളിലാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം അങ്ങാടിയിലെത്തിയത്. കമ്മ്യൂണിസ്റ്റ് ആശയത്തോടുള്ള ആഭിമുഖ്യത്തെ ചോപ്പന്‍ മഹാമാരി, തലബട്ടിപ്പിരാന്ത് എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കുന്ന 'സംസ്കാര സമ്പന്ന'തയാണ് കേരളം കണ്ടത്.

വിമോചന സമരകാലത്തെ മുദ്രാവാക്യങ്ങളിലൂടെ സാംസ്കാരികമായി തങ്ങളെവിടെയെന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധകൂട്ടായ്മക്കാര്‍ സംശയലേശമെന്യേ തെളിയിച്ചു.

"ഗൗരി ച്ചോത്തി പെണ്ണല്ലേ
പുല്ലുപറിക്കാന്‍ പോയ്ക്കൂടെ"چ
"തൂങ്ങിച്ചാകാന്‍ കയറില്ലെങ്കില്‍
പൂണൂലില്ലേ നമ്പൂരി"
"നാടുഭരിക്കാനറിയില്ലെങ്കില്‍
താടിവടിക്കൂ നമ്പൂരി"

അച്ചടിക്കാന്‍ പറ്റുന്ന മുദ്രാവാക്യങ്ങളിതൊക്കെ  കേട്ടാലറക്കുന്ന തെറികള്‍ സ്ത്രീകളേയും കുട്ടികളേയുംകൊണ്ട് വിളിപ്പിച്ചുകൊണ്ടാണ് വിമോചന സമരംപൊടിപൊടിച്ചത്.

"പാളേക്കഞ്ഞികുടിപ്പിക്കും
തമ്പ്രാനെന്നുവിളിപ്പിക്കും
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ
ചാക്കോ നാടുഭരിക്കട്ടെ"

ഉള്ളിലിരിപ്പ് മറയില്ലാതെ വെളിവാക്കിയ മറ്റൊരു മുദ്രാവാക്യം. പി.കെ. ചാത്തന്‍ മന്ത്രിയായിരിക്കുന്നത് സഹിക്കാനാവാത്ത വരേണ്യ മനസിന്‍റെ വെപ്രാളമായിരുന്നു ഇത്. ഈയൊരു സാംസ്കാരിക ധാരയുടെ ഇങ്ങേയറ്റത്തു നിന്നുകൊണ്ടാണ് അധികാരവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്. ഇരകള്‍چഎന്ന തന്‍റെ രചന സിനിമയാക്കുമ്പോള്‍ നായക കഥാപാത്രത്തെ ക്കുറിച്ച് കെ.ജി. ജോര്‍ജ്ജ് എന്ന സംവിധായകന്‍റെ മനസിലെന്തായിരുന്നിരിക്കും? അഭിനയ മികവുള്ള യുവാവ്? അതോ ജീവിക്കുന്ന, ജീവിതംകൊണ്ട് കഥാപാത്രമാകുന്ന നായകനോ?

ഉത്തരമെന്തായാലും 'ഇരക'ളിലെ നായകന്‍ കേരള രാഷ്ട്രീയത്തിലിന്ന് പ്രതിനായകനാണ്. മരണത്തിനും ജീവിതത്തിനുമിടയില്‍ നൂല്‍ദൂരംപോലും അകലമില്ലെന്നറിഞ്ഞ് പൊതുപ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിസ്റ്റായ ആയ തലമുറക്കു നേരെയാണ് സെല്ലുലോയ്ഡില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച നേതാവിന്‍റെ ജല്‍പനം. ചുറ്റുംകൂടി നില്‍ക്കുന്ന കൂട്ടത്തിന്‍റെതല്ല, മൂന്നേകാല്‍കോടി മലയാളിയുടെ മന്ത്രിയാണെന്ന് ഓര്‍ക്കാന്‍ അദ്ദേഹത്തിന് വിവേകമുണ്ടായില്ല. കാരണം തിന്നും കുടിച്ചും മദിച്ചും രമിച്ചും കഴിഞ്ഞ ജന്‍മിത്വ-മാടമ്പിവാഴ്ചക്ക് പുതിയ എഡിഷനുകളനുവദിക്കില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറയുക മാത്രമല്ല തെളിയിക്കുകകൂടി ചെയ്യുന്നതിന്‍റെ വെപ്രാളമാണത്. ജീവിത നൊമ്പരങ്ങളുടെ സങ്കടക്കടലിലൂടെ തുഴഞ്ഞെത്തി കേരള രാഷ്ട്രീയത്തിലെ വിശുദ്ധപര്‍വ്വമായുയര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വമൊരു ഭാഗത്ത്. "അച്ഛന്‍ പുരാണ"ത്തിന്‍റെ മഹത്വവര്‍ണനകളിലൂടെ കേരള രാഷ്ട്രീയ ഭൂമികയിലേക്കെപ്പെഴോ നുഴഞ്ഞു കയറിയവര്‍ മറുപുറത്ത്. റബ്ബര്‍ക്കാടുകള്‍ക്കപ്പുറം ലോകമില്ലെന്ന് ധരിച്ച് "ചാത്തന്‍ പൂട്ടാന്‍പോകട്ടെ"യെന്ന് ഇപ്പോഴും മനസ്സില്‍ മന്ത്രിക്കുന്ന വിഴുപ്പുകളും കൂടെയുണ്ട്. ഉടമയാഗ്രഹിക്കുമ്പോഴൊക്കെ ചങ്ങലപൊട്ടിച്ചു ചാടുകയും, ചാടിക്കടിക്കുകയും ചെയ്യുന്നതുപോലെയാണ് തന്‍റെ രാഷ്ട്രീയദൗത്യം എന്നു കരുതുന്നവരെ കുറിച്ചെന്തു പറയാന്‍?

കൊല്ലിനും കൊലക്കുമധികാരമുണ്ടായിരുന്ന, കൊയ്ത്തു പുരകളിലും പണിയിടങ്ങളിലും നിസ്സഹായമായ തേങ്ങലുകളായി മാത്രം നിശ്ശബ്ദരാക്കപ്പെട്ടിരുന്ന അബലകളുടെ കാലത്തെ മനസ്സില്‍ പേറി നടക്കുന്നവരോട് ചിലതെല്ലാം ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു; കാലം കടപുഴക്കിയെറിഞ്ഞ ചിന്തകളെയാണ് പേറുന്നതെന്ന്. 'ത്യാഗവും, യാതനകളും നിറഞ്ഞൊരു രാഷ്ട്രീയ മുഖം കേരളത്തിനിപ്പോഴുമുണ്ടെന്ന്.' ഭൂതകാല പുരാണങ്ങളുടെഭാണ്ഡക്കെട്ടുമായി ജനാധിപത്യവ്യവസ്ഥയില്‍ നീര്‍ക്കുമിളയായിയൊടുങ്ങാനേ ആകൂവെന്ന്!
Share on Google Plus Share on Whatsapp

0 comments :

Post a Comment