Ads

സ്വദേശാഭിമാനിയുടെ വര്‍ത്തമാനകാല പ്രസക്തി

"പ്രഭവശാലികളായ പണക്കാരുടേയോ
പ്രതാപശാലികളായ ദുഷ്ടന്‍മാരുടേയോ
സേവക്കുനിന്നു അധര്‍മ്മത്തില്‍ ചാടി
അവരുടെ ഇഷ്ടത്തിന്‍പടി നടക്കുന്ന
പത്രക്കാരന്‍ പാപ്പരാകേണ്ടിവരില്ല.
ഇങ്ങനത്തെ ധര്‍മ്മചൂഷണത്തിന്
ഒരുമ്പെടുന്നവന്‍ അതിപവിത്രമായ
പത്രചാരിത്രത്തെ ധ്വംസിക്കുന്നവരും
വര്‍ത്തമാന പത്രങ്ങള്‍ക്കുപൊതുവെ
പറ്റുന്ന കീര്‍ത്തിദോഷത്തെ ഉണ്ടാക്കുന്നവരു
മാകുന്നു.  സത്യം, ന്യായം, നീതി മുതലായ
ധര്‍മ്മതത്വങ്ങളെ വിവേകത്തോടെ
അനുവര്‍ത്തിക്കുന്ന പത്രക്കാരന് തന്‍റെ
ഉദ്ദേശങ്ങള്‍ക്ക് തക്കതായ പ്രതിഫലം
പണമായി കിട്ടിയില്ലെങ്കില്‍ കൂടെ താന്‍
തന്‍റെ ധര്‍മ്മത്തെ ആചരിച്ചുവെന്നും,
അതുവഴിയായി ലോകക്ഷേമത്തിന്‍റെ
അഭിവൃദ്ധിയ്ക്ക് താന്‍കൂടെ യഥാശക്തി
പണിയെടുത്തുവെന്നുമുള്ള ചാരിതാര്‍ത്ഥ്യം
പണത്തേക്കാള്‍ വിലയേറിയ പ്രതിഫലമായിരിക്കും."

-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

(വൃത്താന്ത പത്രപ്രവര്‍ത്തനം എന്ന പുസ്തകത്തില്‍ നിന്നു)

1910 സെപ്റ്റംബര്‍ 26-ാം തീയതി തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ തിരുവെഴുത്ത് വിളംബരപ്രകാരം തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തി.  പൊതുജനഹിതത്തെ കരുതി നാടുകടത്തി അച്ചുകൂടവും സാമഗ്രികളും കണ്ടുകെട്ടണമെന്നായിരുന്നു രാജവിളംബരം.  1910 ജൂലൈ 8 ന് സ്വദേശാഭിമാനി പ്രസിദ്ധീകരിച്ച 'പുതിയ പ്രസ്സ് റെഗുലേഷന്‍' എന്ന ഉപന്യാസമായിരുന്നുവത്രെ പെട്ടെന്നുള്ള പ്രകോപനം.  യഥാര്‍ത്ഥത്തില്‍ രാജവാഴ്ചയ്ക്കും ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിനും എതിരായി പുതിയ മാധ്യമ പന്ഥാവ് തെളിയിക്കുകയായിരുന്നു സ്വദേശാഭിമാനി. വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പത്രമുടമ പത്രാധിപര്‍ക്കു നല്‍കേണ്ട സ്വാതന്ത്ര്യം എന്താണെന്നതിന് മാതൃക കാണിച്ചു.  ആ പത്രമുതലാളി പകര്‍ന്നു നല്‍കിയ നിര്‍ഭയത്വമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന മാധ്യമപ്രവര്‍ത്തകന്‍റെ മൂലധനം.  വിനീതവിധേയരും വിശ്വസ്തരുമായ പേനയുന്തുകാരുടെ പരിലാളനകളാല്‍  സംതൃപ്തരായിരുന്നു അക്കാലത്തെ ഭരണാധികാരികള്‍. തിരുവുള്ളക്കേട് ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഇക്കൂട്ടര്‍ എപ്പോഴും പുലര്‍ത്തിയിരുന്നു. പട്ടും വളയും കരസ്ഥമാക്കാനുള്ള അവസരങ്ങള്‍ പാഴാക്കിയിരുന്നുമില്ല.  ചുന്നുമുള്ള ഉദ്ധരണി) രുക്കത്തില്‍ ഭരണത്തിന്‍റെ തണല്‍പറ്റി അല്ലലില്ലാതെ കഴിഞ്ഞ മാധ്യമചരിത്രത്തോടാണ് സ്വദേശാഭിമാനി തൂലികകൊണ്ട് കലഹിച്ചത്.
1780 കല്‍ക്കത്തയില്‍നിന്നും പ്രസിദ്ധീകരിച്ച ബംഗാള്‍ ഗസറ്റീലൂടെയാണ് ഇന്‍ഡ്യന്‍ ജനത വര്‍ത്തമാന പത്രസാദ്ധ്യതകളെ മനസ്സിലാക്കുന്നത്.  തലശ്ശേരിയില്‍ നിന്നും ബാസല്‍മിഷന്‍ വക 'രാജ്യസമാചാരം' മലയാളത്തിലെ ആദ്യപത്രമായി അവതരിച്ചു.  ഇതരമതവിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന ആഖ്യാനശൈലിയാണ് പിന്‍തുടര്‍ന്നിരുന്നത്.  പിന്നീട് പശ്ചിമോദയം, വിദ്യാവിലാസിനി, സന്ദിഷ്ടവാദി, സത്യനാഥകാഹളം, കേരളം, കേരളമിത്രം ഇങ്ങനെ നീളുന്നു.  മലയാള പത്രപ്രവര്‍ത്തനചരിത്രത്തിന്‍റെ തുടക്കം.  ഇവ നല്‍കുന്ന ഒരു പൊതുചിത്രം, മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള സാമുദായിക ലക്ഷ്യങ്ങള്‍ക്കുവേണ്ടി പത്രങ്ങള്‍ എന്നുള്ളതാണ്.  1881-ല്‍ കേരളമിത്രവും, 1884-ല്‍ കേരളപത്രികയും രാഷ്ട്രീയകാരണങ്ങളാല്‍ പിറവികൊണ്ടവയാണ്.  1888-ല്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍നായരുടെ പത്രാധിപത്യത്തില്‍ കേരളസഞ്ചാരി കോണ്‍ഗ്രസ്സ് പക്ഷപാതിത്വം പ്രകടിപ്പിക്കുന്ന പത്രമായി പ്രത്യക്ഷപ്പെട്ടു. ഈ ഘട്ടത്തില്‍ വാരികയായി തുടങ്ങിയ മലയാളമനോരമ പിന്നീട് ദിനപത്രമായി വികസിച്ചു. അതിനുമുമ്പ് തന്നെ പ്രതിദിനം ആദ്യദിനപത്രം എന്ന നിലയില്‍ കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ച് തുടങ്ങിയിരുന്നു.  1906-ല്‍ തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകൃതമായ മിതവാദി നിക്ഷിപ്തതാല്‍പ്പര്യത്തിന്‍റേതല്ലാത്ത മലയാളത്തിലെ പ്രഥമ വൃത്താന്തപത്രം എന്ന പദവി പേറുന്നു. ആധുനികശാസ്ത്രം, സാഹിത്യം, സമത്വം തുടങ്ങിയ ചിന്തകളും വ്യത്യസ്ത കാഴ്ചപ്പാടുകളും അച്ചടിമഷി പുരണ്ടത് മിതവാദിയിലൂടെയാണ്.  "അവനവനാത്മസുഖത്തിനായ് ചരിക്കുന്നവ അപരനുസുഖത്തിനായി വരേണം" എന്ന ഗുരുദേവസൂക്തമായിരുന്നു മിതവാദിയുടെ ആപ്തവാക്യം.  മിതവാദിക്കെതിരായി സംഘടിതആക്രമണങ്ങളാണ് ഉണ്ടായത്.

നിര്‍ഭയത്വത്തിന്‍റെ ആള്‍രൂപമായി രാമകൃഷ്ണപിള്ള ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കേരളന്‍ മാസികയുടെ താളുകളിലൂടെയായിരുന്നു.  സമൂഹത്തിലെ പ്രമാണിമാരും സര്‍വ്വാദരണീയനുമായ സി.വി.രാമന്‍പിള്ളയും മള്ളൂര്‍ ഗോവിന്ദപിള്ളയും ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങള്‍ സദാനന്ദ യോഗി എന്ന സിദ്ധന്‍റെ കാന്തികവലയില്‍ കുരുങ്ങിയപ്പോള്‍ അത് ആത്മീയ വ്യാപാരമാണെന്നും, തട്ടിപ്പാണെന്നും മലയാളനിലൂടെ സ്വദേശാഭിമാനി പ്രഖ്യാപിച്ചു.  അത് സൃഷ്ടിച്ചത് വല്ലാത്തൊരു പൊട്ടിത്തെറിയായിരുന്നു. 1906 ജനുവരി 17 മുതല്‍ വൈക്കം മൗലവി എന്നറിയപ്പെട്ടിരുന്ന എം.അബ്ദുള്‍ ഖാദര്‍ സാഹിബിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വദേശാഭിമാനിയുടെ പത്രാധിപരായി രാമകൃഷ്ണപിള്ള. അദ്ദേഹം ആദ്യമുഖപ്രസംഗത്തിലൂടെ പ്രഖ്യാപിച്ചത് "പൊതുജനങ്ങളുടെ ഹിതത്തേയും അവകാശങ്ങളേയും ഗവണ്‍മെന്‍റിനെ ധരിപ്പിക്കുന്നതിനും ഗവണ്‍മെന്‍റിന്‍റെ നടപടികളെ ജനങ്ങളെ അറിയിക്കുന്നതിനും ഞങ്ങള്‍ കഴിയുന്നത്ര ജാഗ്രതയോടുകൂടിതന്നെ ഇരിക്കുന്നതാകുന്നു," എന്നാണ്. വക്കം മൗലവിയുടെ പൂര്‍ണ്ണ പിന്തുണകൂടി ലഭ്യമായപ്പോള്‍ ആ ലക്ഷ്യത്തോട് അടുക്കുകയും ചെയ്തു.  ഈ സമീപനം തന്നെയാവണം നാടുകടത്തപ്പെട്ട ആദ്യത്തെ പത്രപ്രവര്‍ത്തകനായി ചരിത്രത്തില്‍ ഇടം നേടാന്‍ ഇടയാക്കിയത്.  ഈ ഒരു പരിണാമം എക്കാലത്തേയും മാധ്യമവിദ്യാര്‍ത്ഥികള്‍ സസൂക്ഷമം നിരീക്ഷിക്കേണ്ട ഒന്നാണ്.  സഹജീവിയായൊരു മാധ്യമപ്രവര്‍ത്തകന്‍ വേട്ടയാടപ്പെട്ടപ്പോള്‍ മലയാളമാധ്യമലോകം ദിവാന്‍ഭരണകാലത്ത് ദിവാന്‍ പക്ഷമായിരുന്നു. ദുര്‍ബലമായ പ്രതിഷേധം പത്രങ്ങളായ പരശുരാമനും, മലയാളിയും ഉയര്‍ത്തി.  നസ്രാണിദ്വീപിക, കേരളതാരക, സുഭാഷിണി തുടങ്ങിയ പത്രങ്ങള്‍ ദിവാനെക്കാള്‍ വലിയ ദിവാന്‍ഭക്തി പ്രകടമാക്കി.  മലയാള മനോരമ മൗനത്തില്‍ അഭയംതേടി.  അതേസമയം മലബാറില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന പത്രങ്ങള്‍ നാടുകത്തലിനെതിരെ ശക്തമായി രംഗത്തുവന്നു. പത്രസ്വാതന്ത്ര്യത്തിന്‍റെ എക്കാലത്തേയും വലിയപോരാളിയായി ഗണിക്കപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട് മദ്രാസിലെത്തി, ആദ്യം ചെയ്തത് മദ്രാസ് ഹൈക്കോടതിയില്‍ മൂന്ന് സ്വകാര്യ അന്യായങ്ങള്‍ ഫയല്‍ ചെയ്യുകയായിരുന്നു-  പാട്രിയോട്ട് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്കും പത്രാധിപര്‍ക്കും എതിരായി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന പത്രപ്രവര്‍ത്തകന്‍ ദിവാന്‍വാഴ്ചയ്ക്കും ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിനും എതിരായി നടത്തിയ യുദ്ധത്തോടൊപ്പം പ്രാധാന്യമുള്ളതാണ് മാധ്യമമേഖലയിലെ ജീര്‍ണ്ണതകള്‍ക്കും സഹജീവികള്‍ പ്രകടമാക്കുന്ന ദാസ്യമനോഭാവത്തിനും എതിരായി നടത്തിയ കലാപവും.  നാടുകടത്തലിന്‍റെ നൂറാം വാര്‍ഷികം ആഘോഷിച്ചുകഴിഞ്ഞവേളയില്‍ ഏറെ പ്രസക്തവും സമയോചിതവുമായ ഒരു അനുസ്മരണം കൂടിയാകും ഇത്.

കേരളത്തിലെ മാധ്യമചരിത്രം തുടക്കം മുതല്‍ അധികാര ശക്തികളോടുള്ള വിധേയത്വത്തിന്‍റെ ചരിത്രം കൂടിയാണ്. തീര്‍ച്ചയായും നിര്‍ഭയത്വത്തിന്‍റെ മിന്നല്‍പ്പിണരുകളേയും കാണാനാകും. ഏകതാനകതയില്ലെന്ന് സാരം.  മൂലധനശക്തികളോട് ഒത്തുനീങ്ങിയാല്‍ "അപകടരഹിതവും അതുവഴി പാപ്പരാകേണ്ടിവരികയില്ലാത്ത അവസ്ഥയില്‍ എത്തുവാനാകുമെന്ന്" മാധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കി.  ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ് അനുകൂല ഇന്‍ഡ്യന്‍ പത്രങ്ങള്‍ ഉണ്ടായിരുന്നതും നാം ഓര്‍ക്കുക. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്‍ഡ്യയിലെ മാധ്യമകുലപതികളും മാധ്യമരംഗവും പ്രകടമാക്കിയ 'ഐക്യബോധം' ആലോചനാമൃതമാണ്.  ഒറ്റതിരിഞ്ഞുനിന്നവര്‍"പണത്തിനേക്കാള്‍ വലുതായ ചാരിതാര്‍ത്ഥ്യം അനുഭവിച്ചുവെങ്കിലും" സഹിക്കേണ്ടിവന്ന പീഡനങ്ങള്‍ സഹജീവികളുടെ കണ്ണ് തുറപ്പിച്ചില്ലെന്നത് ചരിത്രം. വിമോചന സമരകാലത്തെ മലയാള പത്രങ്ങളുടെ ശൈലീവല്ലഭത്വം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.  അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജിഹ്വയായിരുന്ന ജനയുഗം ഗവണ്‍മെന്‍റ് നിലപാടുകളുടെ സ്വാഭാവിക സംരക്ഷകരായിരുന്നു. മയ്യനാട്ടുനിന്ന് ആരംഭിച്ച് കൊല്ലം വഴി തിരുവനന്തപുരത്ത് പേട്ടയിലെത്തിയ കേരളകൗമുദി ഏറെക്കുറെ ഒറ്റയ്ക്ക്നിന്ന് വ്യത്യസ്തസ്വരമുയര്‍ത്തി.  പട്ടത്തിന്‍റെ കേരളജനതയും, സി.പി.ഗസറ്റ് എന്നറിയപ്പെടുന്ന മലയാള രാജ്യവും, കശുവണ്ടി മുതലാളിയായിരുന്ന തങ്ങള്‍കുഞ്ഞ് മുസലിയാരുടെ പ്രഭാതവും ഉദ്ദിഷ്ടകാര്യങ്ങക്കായി പിന്തുണച്ചത് വിമോചനസമരത്തേയും അതുവഴി കോണ്‍ഗ്രസിനെയുമായിരുന്നു.  ബിസിനസ് വിപുലീകരണത്തിനും കാര്യസാധ്യത്തിനും വേണ്ടിയാണ് ആ നിലപാടില്‍ എത്തിയത്.  മലയാളമനോരമയും, നസ്രാണി ദീപികയും, ദേശബന്ധുവും കോട്ടയത്ത് നിന്നും കേരള ടൈംസ്, കേരള പ്രകാശം എന്നിവ എറണാകുളത്തുനിന്നും, എക്സ്പ്രസ്, ദീനബന്ധു, തൊഴിലാളി ഇവ തൃശ്ശൂരില്‍നിന്നും, മാതൃഭൂമി, ചന്ദ്രിക, ദീനപ്രഭ എന്നി  പത്രങ്ങള്‍ കോഴിക്കോട്ടുനിന്നും ഗവണ്‍മെന്‍റ് വിരുദ്ധ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.  ഇടതുപക്ഷ വിരുദ്ധതയും പ്രതിലോമപരതയും കണ്ണിചേര്‍ക്കപ്പെട്ട ഒരു രസതന്ത്രം മലയാള മാധ്യമരംഗത്തെ എക്കാലത്തും നിര്‍ണ്ണായകമായി നിയന്ത്രിക്കുന്നുണ്ട്.  മുഖ്യാധാര മാധ്യമമുതലാളിമാരും അവരുടെ താല്‍പ്പര്യസംരക്ഷണാര്‍ത്ഥം മാത്രം വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമപ്രവര്‍ത്തകരും സമകാലീനകേരളത്തിലും പിന്‍തുടരുന്നത് മേല്‍പറഞ്ഞ രാഷ്ട്രീയം തന്നെയാണ്.  കേരളത്തിലെ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നിരന്തരം ആക്രമിക്കപ്പെടുന്നതിന്‍റെ മാധ്യമരീതിശാസ്ത്രവും മറ്റൊന്നല്ല.  കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നേതൃത്വത്തെ സംഘം ചേര്‍ന്ന് ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ആകുമോയെന്ന് ശ്രമിച്ച മാധ്യമപ്രവര്‍ത്തനത്തേയും മാധ്യമപ്രവര്‍ത്തകരേയും നാം പലവുരു കണ്ടതാണ്." ഇപ്പോള്‍ സാങ്കല്‍പ്പിക വാര്‍ത്തകളുടെ വേലിയേറ്റം കഴിഞ്ഞ് തിരകളൊടുങ്ങിയിരിക്കുന്നു.  മലയാള മാധ്യമലോകത്ത് തകര്‍ന്നുവീണ വിശ്വാസ്യതയില്ലാത്ത മറ്റെന്താണ് അവശേഷിക്കുന്നത്.  ഉച്ചരിക്കുന്ന വാക്കുകളെക്കാള്‍ അച്ചടിക്കുന്ന വാക്കുകള്‍ക്ക് മാസ്മരികതയുണ്ടെന്നുള്ളതുകൊണ്ട് അച്ചടിമഷിപുരണ്ട വാക്കുകളിലൂടെ അവാസ്തവങ്ങളുടെ പ്രളയം സൃഷ്ടിച്ചവര്‍ തങ്ങള്‍ നിലകൊള്ളുന്നത് സ്വദേശാഭിമാനി ഉയര്‍ത്തിപ്പിടിച്ച മാധ്യമസംസ്കാരത്തിന്‍റെ എതിര്‍ധ്രുവത്തിലാണെന്ന് ബോധ്യപ്പെടുത്തി.  അതുമാത്രമല്ല ഇന്‍ഡ്യന്‍ മാധ്യമരംഗത്തേയ്ക്ക് കടന്നുവരുന്ന പുതിയ പ്രവണതകള്‍ക്കും വിദേശകുത്തകവല്‍ക്കരണവും മാധ്യമപ്രവര്‍ത്തകരെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട് എന്നുകൂടി ഈ ഘട്ടത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കും.

വാര്‍ത്താ ഉറവിടത്തെ സംബന്ധിച്ച എല്ലാസംശയങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ടാണ് (ജമശറ) പെയ്ഡ് ജേര്‍ണലിസം അവതരിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടി താരിഫ് (പരസ്യനിരക്ക്) നിശ്ചയിച്ച് വ്യവസായികളെ ആകര്‍ഷിച്ച് വാണിജ്യപരസ്യങ്ങള്‍ അച്ചടിക്കാറുണ്ട്.  നിശ്ചയിച്ചുറപ്പിച്ച നിരക്ക് അനുസരിച്ച് നിയതമായ സ്ഥലത്ത് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പോലെ വാണിജ്യാടിസ്ഥാനത്തില്‍ വാര്‍ത്തകളും വിപണനം ചെയ്യപ്പെടുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് പുറത്തുവന്നിരിക്കുന്നത്.  മഹരാഷ്ട്രയിലെ ഒരു സ്ഥാനാര്‍ത്ഥി തെരെഞ്ഞെടുപ്പ് കമ്മീഷനുനല്‍കിയ ചെലവുകണക്കില്‍ അനുകൂല വാര്‍ത്തയ്ക്കുവേണ്ടി പത്രത്തിനു നല്‍കിയ തുകയുടെ കണക്കുമുണ്ടായിരുന്നുവത്രെ. ഇതിന്‍റെ ചുവടുപിടിച്ച് പ്രശസ്തപത്രപ്രവര്‍ത്തകനായ പി.സായ്നാഥുള്‍പ്പെടെയുള്ളവര്‍ നടത്തിയ അന്വേഷണമാണ്  ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മാധ്യമമേഖലയില്‍ നിശബ്ദമായും വ്യാപകമായും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണിതെന്നും തിരിച്ചറിഞ്ഞത്.  തെരെഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ചിലരെ ഇകഴ്ത്താനും ചിലരെ പുകഴ്ത്താനും കൂലി വാങ്ങി വാര്‍ത്തയെഴുത്തുനടത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ കാലത്ത് വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടമായിരിക്കുന്നു.  അച്ചടിക്കപ്പെടുന്ന ഒരോ വാക്കുകള്‍ക്ക് പിന്നിലും വിനിമയം ചെയ്യപ്പെടുന്ന തുകയെത്രയായിരിക്കുമെന്ന അന്വേഷണം മാധ്യമപ്രവര്‍ത്തകരെ പരിഹാസ്യരാക്കിമാറ്റുക കൂടി ചെയ്തിരിക്കുന്നു.  വെളിപ്പെടുത്തേണ്ടതില്ലാത്ത വാര്‍ത്താ ഉറവിടങ്ങളെപ്പറ്റി വാചാലരാകുന്ന മാധ്യമപ്രവര്‍ത്തകര്‍ കൂലിയെഴുത്തിലൂടെ യഥാര്‍ത്ഥ മാധ്യമസംസ്കാരത്തെ മാനഭംഗപ്പെടുത്തുകയാണ് ചെയ്യുന്നത്.  യഥാര്‍ത്ഥത്തില്‍ മൗലികവാദത്തോളം എത്തുന്ന മാധ്യമവാദം വെല്ലുവിളികളേയും യാഥാര്‍ത്ഥ്യങ്ങളേയും അഭിമുഖികരിക്കുന്നതില്‍ പരിഹാസ്യമാകുംവിധം പരാജയപ്പെട്ടിരിക്കുന്നു.  മലയാളത്തിലെ ആദ്യ ഗവണ്‍മെന്‍റിതര ചാനല്‍ (ഏഷ്യാനെറ്റ്) ഇന്ന് സ്റ്റാര്‍ ജൂപ്പിറ്റര്‍ എന്ന സംയുക്തസംരംഭത്തില്‍ പങ്കാളിയാണ്.  റുപ്പര്‍ട്ട് മര്‍ഡോക്ക് ദക്ഷിണേന്ത്യയിലെ മാധ്യമമേഖലയിലേയ്ക്ക് കവാടം തുറന്നത് ഇതുവഴിയാണ്.  കൊളോണിയന്‍ ഒസ്യത്ത് പ്രകാരം ഇന്‍ഡ്യന്‍ പത്രങ്ങളുടെ ഉടമസ്ഥത പൂര്‍ണ്ണമായും ഇന്‍ഡ്യക്കാരുടേതല്ലായിരുന്നു.  1955ല്‍ അവതരിപ്പിക്കപ്പെട്ട നിയമം വഴിയാണ് ഇന്‍ഡ്യന്‍ ആഭ്യന്തരകുത്തകകളെ സംരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ട് വന്നത്.  ആ നിയമത്തെ വന്ധ്യംകരിച്ച്കൊണ്ട് 2002 ല്‍ പാസാക്കിയ നിയമം വഴിയാണ് ബഹുരാഷ്ട്രകുത്തകകള്‍ വിവിധമാര്‍ഗ്ഗങ്ങളിലൂടെ ഇന്‍ഡ്യന്‍ മാധ്യമമേഖലയിലേക്ക് കടന്നുവന്നത്. വാര്‍ത്താചാനലുകളില്‍ 26% ഓഹരി വിദേശമാധ്യമങ്ങള്‍ക്ക് അനുവദിച്ചു. അതേ സമയം എന്‍റര്‍ടെയിന്‍മെന്‍റ്, ശാസ്ത്രസാങ്കേതിക വിഭാഗത്തില്‍പ്പെട്ട മാധ്യമങ്ങളില്‍ 100% ഓഹരികളാണ് അനുവദിക്കപ്പെട്ടത്.  ഇന്ന് പല വാര്‍ത്താചാനലുകളും എന്‍റര്‍ടെയിന്‍മെന്‍റ്-വിദ്യാഭ്യാസചാനലുകളും കൂടി ആരംഭിക്കുന്നതിന്‍റെ പൊരുള്‍ ഇതാണ്. ചാനല്‍ നടത്തിപ്പിനായി വിദേശ മൂലധനം സമാഹരിക്കുന്ന മാധ്യമനടത്തിപ്പുകാര്‍ വാര്‍ത്താചാനലുകളിലൂടെ പ്രസരിപ്പിക്കുന്നത് റുപ്പര്‍ട്ട് മര്‍ഡോക്കിന്‍റെയും കുത്തകമാധ്യമങ്ങളുടേയും ഇംഗിതങ്ങളായിരിക്കും.  കേരളത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ മുങ്ങിതാണ ജപ്തിവക്കിലെത്തിയ വാര്‍ത്താചാനലുകള്‍ എന്‍റര്‍ടെയിന്‍മെന്‍റ് ചാനലുകളും ആത്മീയചാനലുകളും തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നത് വിദേശമുതലാളിമാരെ കടക്കണ്ണെറിഞ്ഞുകൊണ്ടാണ്. അച്ചടി മാധ്യമരംഗത്തേയും സ്ഥിതി വ്യത്യസ്തമല്ല. ഇന്‍റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രിബൂണല്‍, പിയേഴ്സണ്‍ ഗ്രൂപ്പ്സ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ കമ്പനികള്‍ നിര്‍ണായകമായ ഇന്‍ഡ്യന്‍ ഓഹരികള്‍ കൈക്കലാക്കി.  റുപ്പര്‍ട്ട് മര്‍ഡോക്ക് തന്നെ ആനന്ദബസാര്‍ പ്രസിദ്ധീകരണങ്ങളിലേക്ക് പ്രവേശിച്ച് കഴിഞ്ഞു.  2.2 മില്യണ്‍ കോപ്പി സര്‍ക്കുലേഷനുള്ള ഹിന്ദി ദിനപത്രം ദൈനക് ജാഗരണ്‍ ബ്രിട്ടനിലെ ഇന്‍റിപെന്‍റെന്‍റെുമായി ധാരണയിലെത്തി, ബ്ളാക്ക് സ്റ്റോണ്‍ കമ്പനി തെലുങ്കിലെ ഈനാട് ഗ്രൂപ്പുമായും. ഇന്നും പത്രവായന ശീലമാക്കിയിട്ടില്ലാത്ത 359 മില്യണ്‍ സാക്ഷരരായ ഇന്‍ഡ്യന്‍ പൗരന്മാരെ ലക്ഷ്യംവച്ചാണ് ബഹുരാഷ്ട്രമാധ്യമകുത്തകകകളുടെ പടയൊരുക്കം.  നൈതികതയും ധാര്‍മ്മികതയും തൂലികയുടെ ധീരതയും വിഡ്ഢിത്തമായി പരിഗണിക്കപ്പെട്ടു തുടങ്ങിയ മാധ്യമരംഗത്ത് ഇതെന്ത് പ്രതികരണമാകും സൃഷ്ടിക്കുക. ഈ ചോദ്യത്തിന്‍റെ ഉത്തരം സ്വാതന്ത്ര്യസമരകാലത്തെ പത്രാനുഭവങ്ങളും അടിയന്തിരാവസ്ഥയിലെ വിനീതവിധേയത്വവും പത്രാധിപര്‍ നാടുകടത്തപ്പെട്ടപ്പോള്‍ പ്രകടമാക്കിയ നിര്‍ലജ്ജമായ നിസ്സഹായതയുമാണ്. മാധ്യമപ്രവര്‍ത്തകര്‍ സംഭവങ്ങളുടെ സഹായികളും ചരിത്രത്തിന്‍റെ കരടെഴുത്തുകാരുമാണെന്നൊരു കാഴ്ചപ്പാടുണ്ട്. എന്നാല്‍, ഇന്ന് സാമ്രാജ്യത്വാനുകൂല സാമ്പത്തിക-സാമൂഹിക ദര്‍ശനങ്ങള്‍ക്കനുകൂലമായ മനഃശാസ്ത്രാക്ഷാന്തരീക്ഷം സൃഷ്ടിക്കലായിരിക്കുന്നു ഇന്നത്തെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തിന്‍റെ നിയോഗം. അദൃശ്യമായ മസ്തിഷ്കങ്ങളില്‍നിന്നും പ്രസരിക്കപ്പെടുന്നൊരു രോഗഗ്രസ്തമായ പൊതുബോധം മാധ്യമസമൂഹത്തെയാഴ്ന്നുനില്‍ക്കുന്നു. അത് സംവാദങ്ങളിലൂടെ രൂപപ്പെടുന്നതല്ല. കാര്യകാരണ വിശകലനങ്ങളുടെ സൃഷ്ടിയുമല്ല. മറിച്ച് കൃത്യമായൊരു ലക്ഷ്യം പിന്തുടരുനന മാധ്യമ-കുത്തക-രാഷ്ട്രീയ അച്ചുതണ്ടിനാല്‍ ഉടലെടുത്ത ഒന്നാണ്. സ്വയം സംസാരിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട് നമ്മുടെ മുന്നില്‍. ചുരുക്കത്തില്‍ അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത്താന്‍ വരിക്കാരനായ പത്രത്തിലാണെന്ന വസ്തുതയിലേക്ക് വായനക്കാരന്‍ എത്തേണ്ടിവരും.

സ്വദേശാഭിമാനിയുടെ നാടുകടത്തലിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ പീഡനങ്ങളാല്‍ സംഭവിക്കപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നത് അനുചിതമാവും. കൈയിലെ തൂലികബ്രഹ്മാസ്ത്രമാണെന്നും അതുകൊണ്ട് എല്ലാത്തിനേയും ഭസ്മീകരിക്കാനാവുമെന്നും അഹങ്കരിക്കുന്ന മാനസികാവസ്ഥയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ എത്തിച്ചേരുന്നു. ഗണ്‍പോയിന്‍റിനു പകരം പെന്‍പോയിന്‍റിനാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ചില മാധ്യമപ്രവര്‍ത്തകരെങ്കിലും ധരിച്ച് വച്ചിട്ടുണ്ട്.  സ്വയം ചമച്ച സാങ്കല്പിക സിംഹാസനങ്ങളിലിരുന്ന് അക്ഷരങ്ങള്‍കൊണ്ട് ആക്രമണം നടത്തുന്ന ചഞ്ചലമനസ്സുകള്‍ മാധ്യമലോകത്തിന് അപമാനം തന്നെ.  പേനയില്‍നിന്ന് ഒരു കടലാസുതാളിലേക്ക് പകര്‍ത്തപ്പെടുന്ന ഒരു വ്യക്തിയുടെ താല്‍പ്പര്യം അച്ചടിമഷിപുരളുമ്പോള്‍ ലക്ഷക്കണക്കായ വായനക്കാരുടെ മനസ്സിലാണ് ചെന്നു തറയ്ക്കുന്നത്. ചിലര്‍പറയും സെന്‍സേഷണലിസമാണെന്ന്, ചിലര്‍ക്ക് സ്കൂപ്പ്, മറ്റുചിലര്‍ക്ക് അതിജീവനം. ഓരോ ബീറ്റുകളിലും ചുമതലപ്പെട്ടവര്‍ എക്സ്കളൂസീവുകളും ഇംപാക്ടുകളും തരപ്പെടുത്താന്‍ പരക്കംപായുമ്പോള്‍ പലപ്പോഴും ചവിട്ടിയരയ്ക്കപ്പെടുന്നത് പൗരാവകാശങ്ങളാണ്.  മാധ്യമവേഷംപൂണ്ട ഈ ഭീകരാക്രമണത്തിന് പലപ്പോഴും തണലേകുന്നത് പൊതുപ്രവര്‍ത്തകരണെന്നതാണ് ഏറെനിര്‍ഭാഗ്യകരം.  പ്രക്ഷോഭങ്ങളുടേയോ, യാതനാനുഭവങ്ങളുടേയോ പിന്‍ബലമില്ലാതെ മാധ്യമമുതലാളികളുടെ ഇളം ചൂടില്‍ വിരിഞ്ഞുവളര്‍ന്ന ചില ബ്രോയിലര്‍ രാഷ്ട്രീയ ശിശുക്കള്‍ രാഷ്ട്രീയത്തിന്‍റെ മര്‍മ്മസ്ഥാനങ്ങളിലേക്ക് വളര്‍ന്നെത്തിയിട്ടുണ്ട്.  കാതലില്ലായ്മയില്‍ നിന്ന് നേതൃത്വത്തിലേക്ക് വളര്‍ന്നവര്‍ കടപ്പാടിനാല്‍ കീഴടങ്ങുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ തൂലികയ്ക്ക് അസുരഭാവം കൈവരുന്നത്.  ജീവിതദുരിതങ്ങളുടെ സര്‍വ്വകലാശാലയില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് വിശപ്പിന്‍റേയും ദാരിദ്ര്യത്തിന്‍റേയും സമസ്യകള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ വളഞ്ഞാക്രമിക്കാന്‍ സംഘം ചേരുന്നത് നിര്‍ഭയത്വമല്ല ഭീരുത്വമാണ്.  മാധ്യമമേഖലയില്‍ അത് ഏറെ അപകടകരമാണെന്ന് ആദ്യം ഓര്‍മ്മപ്പെടുത്തിയത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്.  കേരള വിപഞ്ചികയില്‍ 1077 മീനം നാലിലെ മുഖപ്രസംഗത്തിന്‍റെ വര്‍ത്തമാനകാല പ്രസക്തി എത്രമാത്രമാണെന്ന് ഓര്‍ത്തുനോക്കുക.

"പൊടിപ്പും തൊങ്ങലുമുള്ള എഴുത്തുകുത്തുകള്‍ ഭാഷാപത്രങ്ങളില്‍ നിന്നും നീങ്ങിയാലല്ലാതെ ഇവക്കു ഗൗരവം സിദ്ധിക്കുന്നതല്ല.  സംഗതികളെ യാഥാര്‍ത്ഥ്യമായും തന്മയമായും എഴുതിഫലിപ്പിക്കാന്‍ ശ്രമിക്കയല്ലാതെ അന്യോദ്ദേശത്തോടുകൂടി ദൂഷ്യപ്പെടുത്തി എഴുതുന്നത് നീചകൃത്യമാകുന്നു.  ഒരു കാര്യം നടന്നാല്‍ അതേവിധം എഴുതിഅറിയിക്കാന്‍ കഴിയാത്ത ലേഖകന്‍മാരാരുമില്ല. ഇവര്‍ തങ്ങളുടെ അതിര്‍ത്തികളെ ഉല്ലംഘിക്കാതിരുന്നാല്‍ പത്രാധിപന്മാര്‍ക്ക് പൂജ്യന്‍മാരായ ബന്ധുക്കളായും വായനക്കാര്‍ക്ക് വിശ്വസ്തമിത്രങ്ങളായും നാട്ടിന് അഭിമാനഗുണന്‍മാരായുമിരിക്കുന്നതാകുന്നു.  എന്നാല്‍ ചില പേരെടുത്ത ലേഖകന്‍മാര്‍ കൂടിയും നല്ല പത്രങ്ങള്‍വഴി സ്വാര്‍ത്ഥത്തെ കരുതി അസത്യപ്രകടനങ്ങള്‍ ചെയ്ത് നമ്മുടെ പൊതുജനദാസന്മാരെയും ജനങ്ങളെയും വെറുപ്പിക്കുന്നത് ഒരു ന്യൂനതയാകുന്നു.  ഉത്സവകാലത്ത് സദ്യ പകര്‍ച്ചകൊടുത്തില്ലെന്നുവച്ചോ, താന്‍ കാണുവാന്‍ ചെന്നതില്‍ സമയമില്ലെന്നു പറഞ്ഞുവെന്നോര്‍ത്തോ മറ്റോ ഒരു പേഷ്കാരേയൊ, തഹസീല്‍ദാരേയോ അവരുടെ നടപടികളെയോ ആക്ഷേപിക്കുവാന്‍ ഒരു ലേഖകന്‍ പുറപ്പെടുന്നതും അതിനെ പത്രാധിപന്മാര്‍ വിശ്വസ്തമായി പരസ്യപ്പെടുത്തുന്നതും പത്രങ്ങള്‍ക്ക് മനക്ഷയ ഹേതുവാകുന്നു."
Share on Google Plus Share on Whatsapp

0 comments :

Post a Comment