Ads

വിധിന്യായം പ്രതിക്കൂട്ടിലാണ്...... യുവര്‍ ഓണര്‍!

ഇന്ത്യന്‍ കോടതികള്‍ ആരുടേതാണെന്നത് കേവലം സന്ദേഹം മാത്രമല്ല. എന്തായാലും ഇന്ത്യന്‍ പരമോന്നത നീതിപീഠം ഇന്ത്യന്‍ ജനതയ്ക്കു വേണ്ടിയുള്ള പരമോന്നത നീതീപീഠം ആകണമെന്നൊരു കാഴ്ചപ്പാട് വര്‍ത്തമാനകാലത്ത് ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെയും ജനങ്ങളുടെയും താല്‍പര്യങ്ങളുടെ എതിര്‍ ധ്രുവത്തിലാണ് നീതിപീഠങ്ങളെന്ന ആശങ്ക ഉയര്‍ന്ന ഘട്ടത്തിലാണ് ഈ ആശയം സൃഷ്ടിക്കപ്പെട്ടത്. ഏറ്റവുമൊടുവില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ പൊതുസ്ഥലത്ത് പൊതുയോഗം നടത്തുന്നതില്‍ നിന്നും പൊതുജനങ്ങളെ നിരോധിച്ചുകൊണ്ടുള്ള നിരോധനം ജനാധിപത്യ പൗരാവകാശങ്ങളോട് കോടതികള്‍ പ്രകടിപ്പിക്കുന്ന മനോഭാവത്തിന്‍റെ പ്രകടനമാണ്. ആലുവ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പൊതുയോഗത്തെ സംബന്ധിച്ച പരാതിയുമായിട്ടാണ് പരാതിക്കാരനായ സ്വകാര്യ ബസ് മുതലാളി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, കേരളമാകെ യോഗം നടത്തുന്നത് നിരോധിച്ചു. യോഗം നടത്തുവാന്‍ അനുവാദം നല്‍കാന്‍ അധികാരമുള്ള സ്ഥാപനങ്ങളോട് അനുവാദം നല്‍കരുതെന്ന് ആജ്ഞ നല്‍കി. പൗരസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വം സര്‍ക്കാരിനുള്ളതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ മറുഭാഗം കേള്‍ക്കുക എന്ന നീതിന്യായവ്യവസ്ഥയുടെ പ്രാഥമിക പാഠം പോലും നിരാകരിക്കുന്ന സമീപനമാണുണ്ടായിരിക്കുന്നത്. സര്‍ക്കാരിന്‍റെ അഭിപ്രായം തങ്ങളുടേതായിരിക്കുമെന്ന മുന്‍വിധി പ്രകടിപ്പിച്ചുകൊണ്ടാണ് പ്രസ്തുത വിധി ന്യായം അവതരിപ്പിച്ചത്.
ഒരു നിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍ നിയമനിര്‍മ്മാണവേളയിലെ ചേതോവികാരം മനസ്സിലാക്കപ്പെടുക എന്നത് ന്യായാധിപന്‍റെ അടിസ്ഥാന യോഗ്യത ആകണമെന്നത് അംഗീകരിക്കപ്പെട്ട പ്രമാണമാണ്. എന്നാല്‍, മുന്നിലെത്തുന്ന കേസുകളില്‍ ഭരണഘടനയുടെ സത്തയോട് വിധിന്യായങ്ങള്‍കൊണ്ട് അടുത്തു നില്‍ക്കാനാവുന്നില്ല എന്ന് കാണാനാവും. ഭരണഘടനയുടെ ആമുഖം മൗലികാവകാശങ്ങളും പരകായ പ്രവേശം ചെയ്യുന്ന വിധിന്യായങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടത്. എന്നാല്‍, ഭരണഘടനയുടെ ആമുഖം അപ്രസക്തമാക്കുന്ന വിധിന്യായങ്ങളുടെ പരമ്പര തന്നെ നമുക്ക് കാണാനാവും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാനുള്ള അവകാശത്തെ മൗലികാവകാശത്തിനു തുല്യമാക്കി പരിഗണിക്കുന്ന കോടതികള്‍ പഠനാവകാശം നിഷേധിക്കപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മുഖം കാണുന്നില്ല. സാമൂഹികനീതിയും വ്യക്തിസ്വാതന്ത്ര്യവും സമാന്തര മേഖലകളായല്ല സമവര്‍ത്തിത രൂപത്തിലാണ് സൃഷ്ടിക്കപ്പെടേണ്ടത്. എന്നാല്‍, അങ്ങനെയൊരു ദര്‍ശനം നിര്‍ഭാഗ്യവശാല്‍ ഇന്നും പ്രകടമാകുന്നില്ല.
പുഷ്പഗിരി മെഡിക്കല്‍ കോളേജ് കേസില്‍ 50 ശതമാനം മെറിറ്റ് സീറ്റാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മെറിറ്റ് സീറ്റിന്‍റെ എണ്ണം 25 ശതമാനം ആയി പരിമിതപ്പെടുത്തി. 75 ശതമാനം മാനേജ്മെന്‍റിന് സമ്മാനിച്ചു. അതും സ്വന്തം മാനദണ്ഡങ്ങള്‍ വഴിയും. സ്വാശയ വിദ്യാഭ്യാസ നിയമത്തിന്‍റെ കാര്യത്തിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിലും സ്വകാര്യ മാനേജ്മെന്‍റുകളുടെ അത്താണിയായി കോടതികള്‍ മാറി. സാമൂഹ്യനീതി സംരക്ഷണം എന്നൊരു ദൗത്യം ദയനീയമാം വിധം പരാജയപ്പെട്ടു.
ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നിരോധിച്ച ഉത്തരവിലൂടെയും മാനേജ്മെന്‍റുകളുടെ തലവേദന ഒഴിവാക്കിക്കൊടുക്കുക എന്ന ഉത്തരവാദിത്വമാണ് കോടതി നിര്‍വഹിച്ചത് എന്നു കാണാം. ഭരണഘടനയുടെ അനുഛേദം 19ല്‍ പറയുന്ന സംസാരത്തിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യത്തെയും സംഘടനകള്‍ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നില്ല ഈ വിധികള്‍. മാധ്യമങ്ങളിലൂടെ പ്രസരിക്കപ്പെട്ട ഒരു വാദമാണ് ഈ കോടതിവിധികളെ സൃഷ്ടിക്കുന്നതെന്നൊരു വാദമുയരുന്നു. ക്യാമ്പസിലെ സമാധാനഭജ്ജകരായി വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തെ അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ സാംഗത്യം കോടതി മുറിയില്‍ വിചാരണ ചെയ്യപ്പെട്ടില്ല. സംഘടനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ക്യാമ്പസുകളിലെ അരാജകത്വവും അസ്വസ്ഥമനസ്സുകളുടെ ആത്മഹത്യകളും നല്‍കുന്ന സന്ദേശമെന്താണ്?
1948ലെ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ സംസാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്‍റെ പ്രാധാന്യത്തിന് അടിവരയിടുന്നു. ചിന്തിക്കുന്ന മനുഷ്യന്‍റെ സിദ്ധിയാണത്. പ്രകൃതി ദത്തമായ അവകാശമാണത.് തന്‍റെ മനസിനെ മറ്റൊരാള്‍ക്കു മുന്നില്‍ പ്രകാശിപ്പിക്കുന്നതിന് ജന്മാനാല്‍ ലഭ്യമാകുന്ന കഴിവ് നിയമത്താല്‍ നിരോധിക്കുമെന്ന് കരുതുന്നത് പൗര സമൂഹത്തില്‍ അചിന്ത്യമാണ്. യുക്തിപൂര്‍വ്വമായ നിയന്ത്രണങ്ങളെ കുറിച്ചല്ല, നിരോധനങ്ങളെ കുറിച്ചുള്ള ആലോചനകള്‍ പ്രകൃതി നിയമങ്ങള്‍ക്കു കൂടി എതിരാകുന്നു.
ചാനല്‍ ചര്‍ച്ചകളെയും മാധ്യമ വാര്‍ത്തകളെയും മാത്രം രാഷ്ട്രീയവിദ്യാഭ്യാസത്തിനും സംവാദത്തിനുമുള്ള ഉപാധിയാക്കിയാല്‍ മതിയെന്നൊരു പറയാതെ പറച്ചില്‍ ഈ വാദമുഖത്തിന്‍റെ പിന്നിലുണ്ട്. പ്രസ്തുത മേഖലകളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും ആരിലാണ് നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ആയിരം മാനങ്ങളും കൃത്യമായ ഒരു ഉത്തരവുമുണ്ട്. പ്രസക്തമായ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വിധിയില്‍ മറ്റൊരു മൗലിക പ്രശ്നം കൂടി അടങ്ങിയിരിക്കുന്നു. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിയ്ക്കാന്‍ ബാദ്ധ്യതയുള്ള ഭരണകൂടത്തിന്‍റെ ഭാഗം കേള്‍ക്കാതെ വിധി പ്രഖ്യാപിച്ചതിന്‍റെ നിയമസാംഗത്യം തന്നെ പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ രാഷ്ട്രപിതാവാക്കിയും ജവഹര്‍ലാല്‍ നെഹുറുവിനെ രാഷ്ട്ര ശില്പിയായും വികസിപ്പിക്കുന്നതില്‍ തെരുവോരങ്ങളും ജനസഞ്ചയങ്ങളുമാണ് കാരണമെന്നത് ചരിത്രം തെളിച്ചു പറയുന്ന വസ്തുതയാണ്. അങ്ങനെ ഇന്ത്യയും കേരളവും രൂപപ്പെടുത്തിയ രാഷ്ട്രീയ ശൈലിയിന്മേലുള്ള നിരോധനം യഥാര്‍ത്ഥത്തില്‍ പൗരസ്വാതന്ത്ര്യത്തിന്‍റെയും ജനാധിപത്യാവകാശത്തിന്‍റെയും നിരാകരണമാണ്. ജനാധിപത്യബോധമുള്ളൊരു സമൂഹത്തിന് നിസ്സഹായതയല്ല ഭൂഷണമാകുന്നത്. ഇന്നുവരെ ലഭ്യമായിരുന്നൊരു ജനാധിപത്യ പൈതൃകത്താല്‍ ലഭ്യമായൊരു ഊര്‍ജ്ജം അവരെ പ്രേരിപ്പിക്കുന്നത് പ്രക്ഷോഭത്തിനാണ്. കോടതികളെ താഴ്ത്തിക്കെട്ടുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് ഏതെങ്കിലും വിമര്‍ശനങ്ങളോ പദപ്രയോഗങ്ങളോ അല്ല. നീതിപീഠങ്ങളുടെ പ്രവര്‍ത്തനങ്ങളാണ്.
ഇന്ത്യന്‍ ജുഡീഷ്യറിയെ ചൂഴ്ന്നുനില്ക്കുന്ന അനാരോഗ്യപ്രവണതകള്‍ എല്ലാക്കാലത്തും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് വല്ലാത്തൊരു സുരക്ഷിതത്വം ഉണ്ടെന്നൊരു ബോധം ജുഡീഷ്യറിയെ ബാധിച്ചിട്ടുണ്ട്. ജുഡിഷ്യല്‍ ഓഫീസേഴ്സ് പ്രോട്ടക്ഷന്‍ ആക്ട് എന്നത് അനിയന്ത്രിതമായ ഒരു സംരക്ഷണം ആണെന്ന നിലയുണ്ട്. ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ബാധകമല്ലാത്തൊരു സംരക്ഷണം ജുഡീഷ്യറിയ്ക്കുമാത്രം ലഭ്യമാകുന്നതിന്‍റെ യുക്തി ഇന്നത്തെക്കാലത്ത് എത്രമാത്രമാണ്. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്തംഗം വരേയും കാബിനറ്റ് സെക്രട്ടറിമുതല്‍ ക്ലാസ്ഫോര്‍ ജീവനക്കാരന്‍ വരേയും ഉത്തമവിശ്വാസത്തിലല്ലാതെ പ്രവര്‍ത്തിച്ചാല്‍ വ്യക്തിപരമായി ഉത്തരവാദിയാണ്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഇത് ബാധകമല്ല. ഒരു വിധിന്യായം സമൂഹത്തില്‍ സൃഷ്ടിയ്ക്കുന്ന പ്രത്യാഘാതത്തിന്‍റെ ആഴമറിയാതെ പ്രവര്‍ത്തിച്ചാല്‍ ജുഡീഷ്യറിയെ സംബന്ധിച്ച വിശ്വാസ്യതയെ ബാധിക്കും. ഈയൊരു പരിരക്ഷ ജുഡീഷ്യറിയുടെ മനോഘടനയെ മാരകമാംവിധം ബാധിച്ചിട്ടുണ്ട്.
തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം ഉയര്‍ന്ന നീതിപീഠങ്ങളെ നയിക്കുന്നുണ്ടോയെന്ന വസ്തുതയും ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടിവരുന്നു. ഹൈക്കോടതിയിലെയോ, സുപ്രീംകോടതിയിലെയോ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെങ്കില്‍ പാര്‍ലമെന്‍റിന്‍റെ നാലില്‍ മൂന്ന് ഭൂരിപക്ഷം വേണമെന്നൊരു വ്യവസ്ഥയുണ്ട്. അത് അസംഭവ്യമെന്ന് ജസ്റ്റിസ് രാമസ്വാമിയുടെ കേസ് നമ്മെ ബോധ്യപ്പെടുത്തുന്നു. ക്രമക്കേട് നടത്തിയെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തില്‍ സുപ്രീം കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്‍റില്‍ അവതരിക്കപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ആവശ്യമായ അംഗങ്ങളുടെ എണ്ണം തികയാതെ വന്നതുകൊണ്ട് അദ്ദേഹം സര്‍വ്വീസില്‍ തുടരുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തു. ഇതാണെന്ന് തോന്നുന്നു പാളി പോയതാണെങ്കിലും സ്വതന്ത്രഭാരതത്തിലെ ഏക ഇംപീച്ച്മെന്‍റ് ശ്രമം. രാമസ്വാമി കേസ് വിരല്‍ചൂണ്ടുന്നത് അഴിമതി സ്പര്‍ശമുള്ള ജുഡീഷ്യറിയിലേക്കു കൂടിയാണ്. തങ്ങള്‍ വിധിന്യായങ്ങളിലൂടെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമല്ല ജുഡീഷ്യറിയിലെ ചിലരെങ്കിലുമെന്നത് വെളിവാക്കപ്പെടുന്നു. എത്രയെത്ര നേതൃത്വങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ രാഷ്ട്രീയ സംവാദത്തിന്‍റെയും, വിദ്യാഭ്യാസ വിനിമയത്തിന്‍റെയും തലത്തിലേക്കുയര്‍ത്തിയത്.
2005-ല്‍ സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡിസ് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. പ്രസ്തുത പഠനത്തില്‍ പ്രതികരിക്കാന്‍ തയ്യാറായവരില്‍ 77% ജുഡീഷ്യറിയും അഴിമതി ഗ്രസ്ഥമാണെന്ന് വിശ്വസിക്കുന്നു. കൈക്കൂലി വഴി നിയമവ്യവസ്ഥയില്‍ ഇടപെടുന്നവരില്‍ 61% അഭിഭാഷകരും 29% ഓഫീസര്‍മാരും, 5% ഇടനിലക്കാരും ഉണ്ടെന്നാണ് പഠനത്തിന്‍റെ സാരാംശം. ജുഡീഷ്യറിയില്‍ അടിയന്തിര പരിഹാര നടപടികള്‍ അനിവാര്യമാണെന്ന പ്രശസ്ത ന്യായാധിപനും, ഡെല്‍ഹി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലറുമായിരുന്ന ഉപേന്ദ്ര ബക്ഷി അഭിപ്രായപ്പെട്ടത് ഇതിന്‍റെ പശ്ചാത്തലത്തിലാണ്. 2002-ലാണ് ജസ്റ്റിസ് എസ്.പി.ബറൂച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ 20% അഴിമതിക്കാരാണെന്ന് അഭിപ്രായപ്പെട്ടത്. സുപ്രീംകോടതി ജഡ്ജിമാര്‍ ഒരിക്കല്‍ പൊട്ടിത്തെറിച്ചുവത്രേ, നാടിനെ കൊള്ളയടിക്കുന്ന ഇത്തരക്കാരെ വിളക്കുകാലില്‍ കെട്ടിത്തൂക്കണമെന്ന്.
വൈകി വരുന്ന നീതി നീതിനിഷേധിക്കലിനു തുല്യമാണെന്ന പ്രമാണം കൂടിയുണ്ട്. കോടതികളിലെ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം ഭൗതിക സാഹചര്യങ്ങളുടെ കുറവിന്‍റെ കണക്കില്‍ മാത്രം പെടുത്താനാവുന്നതല്ല. 2006 ഫെബ്രുവരിയിലെ കണക്കുകളനുസരിച്ച് 33,635 കേസുകള്‍ സുപ്രീംകോടതിയില്‍ തീര്‍പ്പുകാത്ത് കിടക്കുന്നു. ഹൈക്കോടതികളില്‍ അത് 3,341,040 ഉം, കീഴ്കോടതികളിലെ കണക്കുകള്‍ കൂടി ആകുമ്പോള്‍ നീതി തേടുന്നവര്‍ക്ക് നിയമവ്യവസ്ഥയില്‍ ലഭ്യമാകുന്ന പരിരക്ഷയുടെ ചിത്രം വ്യക്തമാകുന്നു. മുന്നൂറ്റിയമ്പത് വര്‍ഷത്തേക്കുള്ള കേസുകള്‍ ഇന്ത്യന്‍ കോടതികളില്‍ അവശേഷിക്കുന്നുവെന്ന പരാമര്‍ശം അതിശയോക്തിപരമല്ലെന്ന് വ്യക്തം.
കോടതികളുടെ വിധിന്യായങ്ങള്‍ക്കെതിരായ പ്രക്ഷോഭവും പുതിയ കഥയല്ല. വിധികള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ പുതിയ നിയമങ്ങളെ പോലും സൃഷ്ട്ടിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ ബലാല്‍സംഗത്തിനിരയായ ദളിത് യുവതിയുടെ ശരീരത്തില്‍ മുറിപ്പാടുകളിലെന്നത് ഉദയസമ്മത പ്രകാരമുള്ള ലൈംഗീക ബന്ധമെന്ന് കണ്ടെത്തിയ മധുര കേസിലെ സുപ്രീം കോടതിവിധിക്കെതിരെ ഉയര്‍ന്നത് ശക്തമായ പ്രക്ഷോഭമാണ്. വനിതാസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ ഫലമായാണ് കസ്റ്റഡി പീഡനങ്ങളില്‍ നിരപരാധിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരായ പോലീസുകാരുടെതാണെന്ന നിയമം പിറന്നത്.
കോടതീയലക്ഷ്യ കേസുകളില്‍ കോടതിയെ അപമാനിക്കലും വിലയിടിക്കലും ശിക്ഷക്കുള്ള കാരണമായി വിവരിക്കുന്നു. ഈ ഒരു പരിരക്ഷയാണ് അതിര്‍ വരമ്പുകള്‍ അതിക്രമിക്കുന്ന തരത്തിലുള്ള വിധിന്യായങ്ങളെ സൃഷ്ടിക്കുന്നതെന്ന വിമര്‍ശനം പലപ്പോഴായി ഉയരുന്നുണ്ട്. രേഖാമൂലമായ കണക്കുകളും, വസ്തുതകളും ലഭ്യമായാല്‍ പോലും അവ പ്രസിദ്ധീകരിക്കുവാന്‍ മാധ്യമങ്ങള്‍ മടികാട്ടുന്നത് ഇക്കാരണത്താലാണ്. മാധ്യമ സ്വാതന്ത്ര്യത്തിനായി പുലിയെപ്പോലെ പോരാടുന്നവര്‍ കോടതിയുടെ കാര്യത്തില്‍ എലികളാണെന്ന് ചരിത്രം. എന്തായാലും സത്യം നിര്‍ണ്ണായക ഘടകമായി പരിഗണിക്കണമെന്നത് കോടതീയലക്ഷ്യ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന വാദം പൊതുവില്‍ അംഗീകരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ അമിതാധികാര ബോധത്താല്‍ ആത്മബലം നഷ്ടപ്പെടുമ്പോഴാണ് നീതിപീഠങ്ങളില്‍ നിന്നും അസാധാരണ ആഞ്ജകള്‍ ഉണ്ടാകുന്നത്. മനുഷ്യസഹജമായ തെറ്റുകളില്‍ നിന്നും വിമുക്തിനേടിയ ഋഷിമനസുകളാകണമെന്ന ശാഠ്യം ആര്‍ക്കുമുണ്ടാകാനിടയില്ല. എന്നാല്‍ നിര്‍ണ്ണയിക്കപ്പെടുന്നത് നീതിയാണെന്നത് കൊണ്ട് വിനയം അലങ്കാരമല്ല അനിവാര്യമാകുന്നു. ജസ്റ്റിസ് പി എന്‍ ഭഗവതി പറയുന്നു. നീതി പീഠങ്ങള്‍ ക്ഷമ ചോദിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല.
മനസിന്‍റെ തുലാസിലെ ക്രമരഹിതമായൊരു ചലനം നിയമവ്യവസ്ഥയേയും പൗരാവകാശങ്ങളെയും ബാധിച്ചുവെന്ന തോന്നല്‍ ഉണ്ടാവുന്നുവെങ്കില്‍ ക്ഷമാപണത്തിലൂടെ ജുഡിഷ്യറിയുടെ യശസിനെ കൂടുതല്‍ പ്രകാശിപ്പിക്കാനാവും. വ്യക്തിത്വത്തെ വെളിപ്പെടുത്താനും. നിഷ്കളങ്കമായൊരു നീതിവ്യവസ്ഥയുടെ ഉടമകളെന്ന തോന്നല്‍ സംതൃപ്തമായ ജനാധിപത്യത്തെയും പരസ്പരമുള്ള ആദരവിനെയും സൃഷ്ടിക്കും.
Share on Google Plus Share on Whatsapp

0 comments :

Post a Comment